ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​

ത്തി​ൽ ബാ​റ്റി​ങ്​​ പ​രി​ശീ​ല​ന​ത്തി​നി​ടെ​ വി​രാ​ട്​ കോ​ഹ്​​ലി

-പി.​ബി. ബി​ജു

തിരുവനന്തപുരം: ആസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയവുമായി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ടീം ഇന്ത്യയും ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടവുമായി ദക്ഷിണാഫ്രിക്കയും ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഏറ്റുമുട്ടും.

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി 20 പരമ്പരയുടെ ആദ്യമത്സരത്തിനാണ് ഇന്ന് രാത്രി ഏഴിന് കാര്യവട്ടം സാക്ഷ്യം വഹിക്കുക. ഈ സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. റണ്ണൊഴുകുന്ന പിച്ചിൽ ടോസും നിർണായകമാണ്. ദിവസങ്ങൾക്ക് മുമ്പുതന്നെ തിരുവനന്തപുരത്ത് എത്തിയ ടീമുകൾ ചൊവ്വാഴ്ചയും സ്റ്റേഡിയത്തിൽ കഠിന പരിശീലനം നടത്തി.


ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കാ​ഗി​സോ റ​ബാ​ദ


ലോക്കൽ ബോയ് സഞ്ജു സാംസണില്ലാതെ ടീം ഇന്ത്യ തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നതിൽ ക്രിക്കറ്റ് പ്രേമികൾക്ക് നിരാശയുണ്ടെങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന 35,000 ത്തിലധികം കാണികൾ മത്സരം വീക്ഷിക്കാനെത്തും.

ടിക്കറ്റുകൾ ഏറക്കുറെ വിറ്റഴിച്ചതായും അധികൃതർ വ്യക്തമാക്കി. മത്സരത്തിന്‍റെ സുരക്ഷാക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി പൊലീസും കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും വ്യക്തമാക്കി.

2019 ഡിസംബറിൽ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിന് ശേഷം സ്പോർട്സ് ഹബ്ബ് ആദ്യമായാണ് മറ്റൊരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. സ്റ്റേഡിയത്തിന്‍റെ പോരായ്മകളെല്ലാം പരിഹരിച്ചെന്ന് അധികൃതർ വ്യക്തമാക്കി. ബാറ്റർമാരെ ഏറെ സഹായിക്കുന്ന പിച്ചാണ് തയാറാക്കിയിട്ടുള്ളത് എന്നതിനാൽ കൂറ്റൻ സ്കോറിലേക്ക് മത്സരം പോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ആത്മവിശ്വാസം; പക്ഷേ, ബൗളിങ്ങിൽ ആശങ്ക

ഹൈദരാബാദിൽ നടന്ന മൂന്നാമത്തെ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ആധികാരിക വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിരാട് കോഹ്ലി പഴയ ഫോമിലേക്ക് ഉയർന്നതും സൂര്യകുമാർ യാദവിന്‍റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും ദിനേശ് കാർത്തിക്കിന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങിലുമാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്.

ഓപണർ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ഫോമിലേക്ക് ഉയർന്നാൽ ഏത് കൂറ്റൻ സ്കോറും അനായാസം കൈവരിക്കാൻ ടീമിനാകും. അക്സർ പട്ടേലിന്‍റെ ഓൾ റൗണ്ട് പ്രകടനവും പ്രതീക്ഷ നൽകുന്നു. പക്ഷേ, ബൗളിങ്ങിലെ പ്രശ്നം കോച്ച് രാഹുൽ ദ്രാവിഡിനെ ഉൾപ്പെടെ അലട്ടുന്നുണ്ടെന്നതാണ് മറ്റൊരു സത്യം. 200 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടും ബൗളിങ്ങിലെ പാളിച്ചമൂലം തോൽക്കുന്നതാണ് ഈ ആശങ്കക്ക് ആധാരം.

പരിക്കിന്‍റെ പിടിയിൽനിന്ന് മോചിതനായി ജസ്പ്രീത് ബുംറ ടീമിൽ മടങ്ങിയെത്തിയെങ്കിലും മികച്ച പ്രകടനത്തിലേക്ക് എത്താൻ സാധിക്കാത്തതും പ്രശ്നമായുണ്ട്. എന്നാൽ, ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിന്റെ തിരിച്ചുവരവ് നേട്ടമാണ്. ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹൽ എന്നിവർ റൺസ് വഴങ്ങുന്നതും തലവേദനയാണ്.

ചഹലിന് പകരം ആർ. അശ്വിൻ ടീമിൽ എത്തുമോയെന്നും കാത്തിരുന്ന് കാണണം. ഫിനിഷറുടെ റോളിൽ തിളങ്ങുന്ന ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചത് തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്.

ഏത് ടീമിനെയും തകർക്കാൻ കരുത്തുള്ള ടീം

എന്നാൽ, ലോകത്തെ ഏത് ടീമിനെയും അടിച്ചൊതുക്കാനും എറിഞ്ഞിടാനും കെൽപുള്ള കരുത്തുമായി എത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ ടീമിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പ്. മുമ്പ് ഇന്ത്യക്കെതിരെ നടന്ന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവും അവർക്കുണ്ട്.

ക്യാപ്റ്റൻ തെംബ ബവുമയുടെ നേതൃത്വത്തിൽ എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്സ്, ക്വിന്‍റൺ ഡീകോക്ക്, ഹെന്റിച് ക്ലാസൻ എന്നീ ബാറ്റർമാരും ഡ്വൈൻ പ്രിട്ടോറിയസിനെ പോലെയുള്ള മികച്ച ഓൾറൗണ്ടറും ഉൾപ്പെട്ട ബാറ്റിങ്നിര ശക്തം.

അവർക്ക് മികച്ച പിന്തുണയുമായി ആന്റിച്ച് നോക്കിയ, കഗിസോ റബാദ, ലുംഗി എൻഗിഡി എന്നീ പേസ് ബൗളർമാരും ഇന്ത്യൻ വംശജനായ കേശവ് മഹാരാജ്, തബ്രെയ്സ് ഷംസി എന്നീ സ്പിന്നർമാരും ചേരുമ്പോൾ അത് ഏത് മികച്ച ബാറ്റിങ് നിരക്കും കടുത്ത വെല്ലുവിളിയാകും.

എന്തായാലും തീപാറുന്ന മത്സരത്തിനാകും ഗ്രീൻഫീൽഡ് സാക്ഷ്യം വഹിക്കുക. മത്സരം വീക്ഷിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ക്രിക്കറ്റ് പ്രേമികൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് മുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.

ടീം

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‍ലി, സുര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ, ഷഹ്ബാസ് അഹ്മദ്.

ദക്ഷിണാഫ്രിക്ക: തെംബ ബവുമ (ക്യാപ്റ്റൻ), ബ്യോൺ ഫോർട്യൂൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്സ്, ക്വിന്‍റൺ ഡീകോക്ക്, ഹെന്റിച് ക്ലാസൻ, റീലീ റൂസോ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർകോ യാൻസൺ, വെയ്ൻ പാർനൽ, ആൻഡിലെ ഫെഹ്‍ലുക്‍വായോ, ഡ്വൈൻ പ്രിട്ടോറിയസ്, ആന്റിച്ച് നോക്കിയ, കഗിസോ റബാദ, ലുംഗി എൻഗിഡി, കേശവ് മഹാരാജ്, തബ്രെയ്സ് ഷംസി.

മത്സരം വെല്ലുവിളി -ബവുമ

തിരുവനന്തപുരം: കാര്യവട്ടത്തേത് മികച്ച വിക്കറ്റാണെന്നും ഇന്ത്യയുമായുള്ള മത്സരം വെല്ലുവിളി നിറഞ്ഞതാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ തെംബ ബവുമ. ബുധനാഴ്ച നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അത് ബുധനാഴ്ചയിലെ മത്സരത്തിൽ ഗുണം ചെയ്യും. മുമ്പ് ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ മത്സരത്തില്‍ ടീം ക്യാപ്റ്റനായി കാര്യവട്ടം സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. വലിപ്പമുള്ള സ്റ്റേഡിയമാണ്. ഇന്ത്യയുടെ ഓപണിങ് ബൗളിങ് ശക്തമാണ്.

അതിനെ നേരിട്ടുനിന്ന് റണ്‍സ് നേടാനാവും ശ്രമിക്കുക. സ്റ്റേഡിയത്തിൽ ടീം പരിശീലനം നടത്തി. ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. പരമ്പരയിൽ കളിക്കാരെ മാറ്റി പരീക്ഷിക്കും. ലോകകപ്പിനുള്ള മുന്നൊരുക്കമായതിനാല്‍ പ്രാധാന്യത്തോടെയാണ് മത്സരങ്ങളെ കാണുന്നതെന്നും ബവുമ പറഞ്ഞു. 

ടീമിന്‍റെ പ്രകടനത്തിൽ തൃപ്തി -വിക്രം റാത്തോഡ്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പ്രകടനത്തിൽ തൃപ്തിയുണ്ടെന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണോത്സുകമായ കളിയാണ് ഇന്ത്യൻ ബാറ്റർമാർ ഇപ്പോൾ കാഴ്ചവെക്കുന്നത്.

ബാറ്റിങ്ങിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ഉയർന്ന സ്കോർ നേടാനും പിന്തുടർന്ന് ജയിക്കാനും കഴിയുന്നുണ്ട്. ബൗളിങ്ങിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട്. ശ്രേയസ് അയ്യർ, അർഷ്ദീപ് സിങ് എന്നിവർ ടീമിലേക്ക് എത്തിയിട്ടുണ്ട്.

ലോകകപ്പ് അടുത്ത സാഹചര്യത്തിൽ ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവർക്ക് സ്ഥാനക്കയറ്റം നൽകുന്ന കാര്യം സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കും. ടീം മാനേജ്മെന്‍റാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ടീമിന്‍റെ ഏതെങ്കിലും മേഖലയിൽ പ്രത്യേകമായി മാറ്റംവരുത്തണമെന്ന് കരുതുന്നില്ല.

എല്ലാ മേഖലയെയും കാര്യമായി മെച്ചപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഓരോ മത്സരത്തിന്‍റെയും സാഹചര്യങ്ങൾക്കനുസരിച്ചാകും ടീമിൽ മാറ്റംവരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Team India confident winning series thrilling win against Australia South Africa series win against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.