തിരുവനന്തപുരം: കേരളത്തിന്‍റെ ക്രിക്കറ്റ് ആരാധകരെ ടി20 ആവേശത്തിൽ ആറാടിക്കാൻ രോഹിത് ശർമയുടെ നേതൃത്വത്തിലെ ഇന്ത്യൻ സംഘം തലസ്ഥാനത്തെത്തി. തിങ്കളാഴ്ച വൈകീട്ട് 4.30നാണ് ഹൈദരാബാദിൽനിന്നുള്ള വിമാനത്തിൽ നീലപ്പട അനന്തപുരിയുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയത്. ആസ്ട്രേലിയയെ 2-1ന് തകർത്ത് വിജയകിരീടവുമായി എത്തിയ സംഘത്തിന് ആവേശോജ്ജ്വല വരവേൽപ്പാണ് കേരള ക്രിക്കറ്റ് അസോസിയേഷനും വിമാനത്താവള അധികൃതരും ആരാധകരും വിമാനത്താവളത്തിൽ നൽകിയത്. താരങ്ങളെ ഒരുനോക്ക് കാണാൻ സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമടക്കം നൂറുകണക്കിന് ആരാധകർ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾക്കൊപ്പം ഒരുഘട്ടത്തിൽ വടവും പൊലീസിന് ഉപയോഗിക്കേണ്ടിവന്നു.
ഓൾ റൗണ്ടർ ദീപക് ചഹറാണ് ആദ്യം പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ സൂര്യകുമാർ യാദവും വിരാട് കോഹ്ലിയുമെത്തിയതോടെ മണിക്കൂറുകളോളം താരങ്ങൾക്കായി കാത്തിരുന്ന കണ്ണുകളിൽ ആവേശം. ഇന്ത്യക്കും ടീമിൽ ഇല്ലാത്ത മലയാളി താരം സഞ്ജു വി. സാംസണിനുമുള്ള ജയ് വിളികൾ വിമാനത്താവളത്തെ ഇളക്കിമറിച്ചു. മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ കനത്തസുരക്ഷയിലാണ് സി.ഐ.എസ്.എഫ് പുറത്തെത്തിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് അവസാനം പുറത്തെത്തിയത്. താരങ്ങളുടെ ചിത്രങ്ങൾ മൊബൈൽ പകർത്താൻ ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെ നിയന്ത്രിക്കാൻ പൊലീസിനും ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.
ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, യുസ്വേന്ദ്ര ചഹൽ എന്നിവർ ബസുകളിലിരുന്ന് ആരാധകർക്കായി ഫോട്ടോക്ക് പോസ് ചെയ്തു. ആരാധകരുടെ ആവേശം രോഹിത് ശർമ അപ്പോൾതന്നെ കാമറയിൽ പകർത്തി ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചു. സൂര്യകുമാർ യാദവാണ് ആരാധകരെ ഞെട്ടിച്ചത്. സഞ്ജുവിനായി ആർപ്പുവിളിച്ചവർക്ക് മുന്നിൽ തന്‍റെ ഫോണിൽ അദ്ദേഹത്തിന്‍റെ ഫോട്ടോ ഉയർത്തിക്കാണിച്ച് തങ്ങൾക്കൊപ്പം സഞ്ജുവും ഉണ്ടെന്ന് പ്രഖ്യാപിച്ചു. തുടർന്ന് താമസ സൗകര്യമൊരുക്കിയ കോവളത്തെ ഹോട്ടൽ ലീല റാവിസിലേക്ക് താരങ്ങൾ മടങ്ങി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങും.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ക്യാപ്റ്റൻ ടിംബ ബാവുമ്മയുടെ നേതൃത്വത്തിലെ ദക്ഷിണാഫ്രിക്കൻ സംഘം കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മുതൽ എട്ടുവരെയായിരുന്നു പരിശീലനം. ആസ്ട്രേലിയയെ 2-1ന് തകർത്തെത്തുന്ന ഇന്ത്യൻ സംഘത്തെ നേരിടാൻ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ തബ്രെയ്‌സ് ഷംസി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സീരിസ് എന്ന നിലക്ക് ഇന്ത്യയുമായുള്ള മത്സരങ്ങളെ തങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിയുക എന്നത് ഏറെ പ്രയാസകരമാണ്. ടി20 ലോകകപ്പിന് വേദിയാകുന്ന ആസ്‌ട്രേലിയന്‍ സാഹചര്യവുമായി ഇന്ത്യന്‍ സാഹചര്യം വ്യത്യസ്തമാണെങ്കിലും ഇന്ത്യയുമായുള്ള മത്സരത്തിന്‍റെ അനുഭവസമ്പത്ത് ലോകകപ്പില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയും ദക്ഷിണാഫ്രിക്ക പരിശീലനത്തിനിറങ്ങും. 28ന് നടക്കുന്ന മത്സരത്തിനായി ഇനി 2000 പാസുകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.