ന്യൂഡൽഹി: 17 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്. 2023ലെ ഏഷ്യാ കപ്പ് ആതിഥേയത്വം പാകിസ്താന് ലഭിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണിത്. പ്രമുഖ ക്രിക്കറ്റിങ് വെബ്സൈറ്റായ ക്രിക്ബസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ പാകിസ്താൻ സ്വന്തം രാജ്യത്ത് വെച്ച് തന്നെ ടൂർണമെന്‍റ് നടത്തുമോ അതോ യു.എ.ഇയിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. 2023ൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ഏഷ്യാ കപ്പ് 50 ഓവർ ഫോർമാറ്റിലാകും നടക്കുക. 2018ൽ നടന്ന ടൂർണമെന്‍റ് 50 ഓവർ ഫോർമാറ്റിലായിരുന്നു. 2020ൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടിൽ യു.എ.ഇയായിരുന്നു പാകിസ്താൻ തങ്ങളുടെ 'ഹോം' ആയി ഉപയോഗിച്ചുവന്നിരുന്നത്. എന്നിൽ അന്താരാഷ്ട്ര ക്രിക്കറ്റ് പാകിസ്താനിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. വെസ്റ്റിൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ലോക ഇലവൻ എന്നീ ടീമുകൾ സമീപകാലത്ത് പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു.
എന്നാൽ അടുത്തിടെ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലൻഡും ഇംഗ്ലണ്ടും പരമ്പരകളിൽ നിന്ന് പിൻമാറിയത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് തിരിച്ചടിയായിരുന്നു. ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പാണ് കിവീസ് പിൻമാറിയതെങ്കിൽ ഇംഗ്ലണ്ട് ഒരുമാസം മുമ്പ് അവരുടെ തീരുമാനം അറിയിച്ചു.
അടുത്ത വർഷം ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ പരമ്പര കളിക്കാനെത്തുന്നുണ്ട്. പരമ്പര വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ പി.സി.ബിക്ക് ഏഷ്യ കപ്പ് സ്വന്തം മണ്ണിൽ നടത്താൻ ധൈര്യം നൽകിയേക്കും.
നയതന്ത്രപരമായ കാരണങ്ങളാൽ വർഷങ്ങളായി ഇന്ത്യയും പാകിസ്താനും തമ്മിൽ പരമ്പര കളിക്കാറില്ല. ഐ.സി.സി ടൂർണമെന്‍റികളിലും ഏഷ്യാ കപ്പിലുമാണ് ഇരുടീമുകളും മുഖാമുഖം എത്താറുള്ളത്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനം കണ്ടുമുട്ടിയത്. ഒക്ടോബർ 24ന് ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.