മുൻ നിരയിലെ അഞ്ചുപേർക്കും അർധ സെഞ്ച്വറി; പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പട

നെതർലൻഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ആറാട്ടായിരുന്നു. മുൻനിരയിലെ അഞ്ച് ബാറ്റർമാരും അർധ സെഞ്ച്വറി നേടി പുതു ചരിത്രം സൃഷ്ടിച്ച മത്സരം കൂടിയായിരുന്നു അത്. അതിൽ അയ്യരും രാഹുലും സെഞ്ച്വറിയും തികച്ചു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ടീമിലെ ആദ്യ അഞ്ച് ബാറ്റർമാരും 50ന് മുകളിൽ റൺസടിക്കുന്നത് ഇതാദ്യമായാണ്. മത്സരത്തിൽ ഇന്ത്യൻ പട നാല് വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടിയിരുന്നു. ഈ ലോകകപ്പിലെ ഉയർന്ന സ്കോർ കൂടിയാണിത്.

നായകൻ രോഹിത് ശർമ 61 റൺസും ശുഭ്മാൻ ഗിൽ 51 റൺസും വിരാട് കോഹ്‌ലി 51 റൺസും ശ്രേയസ് അയ്യർ 128 റൺസും കെഎൽ രാഹുൽ 102 റൺസും നേടി. അതേസമയം, രാഹുലിന്റെ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 62 പന്തുകളിലായിരുന്നു താരം ശതകം നേടിയത്. ലോകകപ്പിൽ ഒരു ഇന്ത്യൻ താരം നേടുന്ന അതിവഗേ സെഞ്ച്വറിയെന്ന റെക്കോർഡ് ഇനി രാഹുലിന്റെ പേരിലാണ്.

അതേസമയം, ലോകകപ്പിൽ തോൽവിയറിയാതെ കിരീടം ചൂടിയ ഏക ടീമായ ആസ്ട്രേലിയയുടെ റെ​ക്കോർഡ് തകർക്കാനൊരുങ്ങുകയാണ് മെൻ ഇൻ ബ്ലൂ. 2003, 2007 ലോകകപ്പുകളിൽ ഓസീസ് 11 മത്സരങ്ങളും വിജയിച്ചായിരുന്നു കിരീടം നേടിയത്. ഇതുവരെ ഒമ്പത് ജയങ്ങളുമായി കുതിച്ച ഇന്ത്യ സെമിയും ഫൈനനലും പിടിച്ച് റെക്കോർഡ് തിരുത്താനുള്ള ഒരുക്കത്തിലാണ്. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കമായിരുന്നു നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 100 റൺസ് അടിച്ചെടുത്തു. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി.

പിന്നാലെ സൂപ്പര്‍താരം വിരാട് കോഹ്ലി ക്രീസിലെത്തി. കോലിയെ സാക്ഷിയാക്കി രോഹിത് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ രോഹിത്തും വീണു. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 61 റണ്‍സെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി.

ഇന്ത്യ 129 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. കോഹ്ലിയും ശ്രേയസ്സും ശ്രദ്ധയോടെ ബാറ്റേന്തി ടീം സ്കോർ 200ൽ എത്തിച്ചു. പിന്നാലെ 53 പന്തിൽ 51 റൺസെടുത്ത് കോഹ്ലിയും മടങ്ങി. താരത്തിന്‍റെ 71ാം അർധ സെഞ്ച്വറിയാണിത്. വാൻ ഡെർ മെർവിന്‍റെ പന്തിൽ കോഹ്ലി ബൗൾഡാകുകയായിരുന്നു. രണ്ടു റണ്ണുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു.

Tags:    
News Summary - Team India Makes History with Top 5 Batters Scoring 50-Plus in a World Cup Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.