‘ഇത് ആവർത്തിച്ചാൽ, നിങ്ങളെ നാട്ടിലേക്ക് അയക്കും’; സഹതാരത്തോടുള്ള സംഭാഷണം വെളിപ്പെടുത്തി സചിൻ തെണ്ടുൽകർ

ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസമാണ് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ തെണ്ടുൽകർ. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയവും ലോകവും കീഴടക്കിയ താരം.

അനുപമമായ ബാറ്റിങ്ങും കളിയോട് 100 ശതമാനം ആത്മാര്‍ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവുമാണ് സചിനെ ആരാധകരുടെ ഇഷ്ടതാരമാക്കിയത്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (100) എന്നീ റെക്കോഡുകളെല്ലാം താരത്തിന്‍റെ പേരിലാണ്. രണ്ടു അവസരങ്ങളിലായി താരം ഇന്ത്യൻ ടീമിന്‍റെ നായക പദവിയും വഹിച്ചിട്ടുണ്ട്.

എന്നാൽ, നായകനായി താരത്തിന് ശോഭിക്കാൻ കഴിഞ്ഞില്ല. ടീമിന്‍റെ നായകനായി ആസ്ട്രേലിയയിൽ പരമ്പര കളിക്കുന്നതിനിടെ സഹതാരത്തോട് കർക്കശത്തോടെ സംസാരിക്കേണ്ടി വന്നത് കഴിഞ്ഞദിവസം ഒരു പരിപാടിക്കിടെ സചിൻ വെളിപ്പെടുത്തി. പൊതുവെ സൗമ്യനായി അറിയപ്പെട്ടിരുന്ന താരത്തിന്‍റെ ഈ വാക്കുകൾ ഏറെ അത്ഭുതത്തോടെയാണ് കാഴ്ചക്കാർ കേട്ടിരുന്നത്.

മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ടീമിലുണ്ടായിരുന്ന യുവതാരം ഫീൽഡിങ്ങിൽ തുടർച്ചയായി പിഴവുകൾ വരുത്തിയപ്പോഴാണ് സചിന് കർക്കശക്കാരനാകേണ്ടി വന്നത്. ഇത് ആവർത്തിച്ചാൽ, നിങ്ങളെ നാട്ടിലേക്ക് അയക്കുമെന്നായിരുന്നു സചിൻ അന്ന് താരത്തിന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ, യുവ താരത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

‘ഞാൻ അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്നു, ടീം ആസ്‌ട്രേലിയൻ പര്യടനത്തിലാണ്. ജൂനിയർ കളിക്കാരിൽ ഒരാൾ, താരത്തിന്‍റെ ആദ്യ പര്യടനമായിരുന്നു, പരിശീലന മത്സരത്തിനിടെ സിംഗിൾ പോകേണ്ടിടത്ത് രണ്ട് റൺസ് വിട്ടുകൊടുത്തു. ഓവർ കഴിഞ്ഞ് ഞാൻ താരത്തെ വിളിച്ചു, അവന്റെ തോളിൽ കൈവെച്ച് പറഞ്ഞു, ഇനി ഇത് ചെയ്താൽ ഞാൻ നിന്നെ വീട്ടിലേക്ക് തിരിച്ചയക്കും. നിങ്ങൾ തിരികെ ഹോട്ടലിലേക്ക് പോകില്ല, ഇന്ത്യയിലേക്ക് മടങ്ങും. ഞാൻ അവനോട് എന്താണ് പറയുന്നതെന്ന് മറ്റാർക്കും കേൾക്കാൻ കഴിയില്ലായിരുന്നു’ -സചിൻ വെളിപ്പെടുത്തി.

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഇതൊരു വലിയ ബഹുമതിയാണ്. നിങ്ങളുടെ സ്ഥാനത്ത് വരാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. അതിനെ നിസ്സാരമായി കാണരുതെന്നും മാസ്റ്റർ ബ്ലാസ്റ്റർ കൂട്ടിച്ചേർത്തു. സചിൻ നയകനായി ഇന്ത്യ കളിച്ച 25 ടെസ്റ്റുകളിൽ നാലു മത്സരങ്ങളിൽ മാത്രമാണ് ജയിച്ചത്. ഒമ്പത് ടെസ്റ്റുകൾ തോറ്റു, 12 മത്സരങ്ങൾ സമനിലയിൽ പരിഞ്ഞു. ഏകദിനത്തിൽ 31 ശതമാനമാണ് വിജയം.

Tags:    
News Summary - Tendulkar reveals jaw-dropping chat with India teammate as captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.