മുംബൈ: എം.എസ് ധോണി എന്ന ഫിനിഷർ ക്രീസിലുണ്ടെങ്കിൽ മത്സരഫലം തന്നെ മാറിമറിയുന്ന എന്ത് അദ്ഭുതവും സംഭവിക്കാമെന്ന് ഓരോ ക്രിക്കറ്റ് ആരാധകനും ബോധ്യമുള്ളതായിരുന്നു. എന്നാൽ, പരിക്ക് കാരണം കഴിഞ്ഞ സീസണിന് ശേഷം കളത്തിൽനിന്ന് വിട്ടുനിന്ന ധോണിയെന്ന 42കാരനിൽ ഇത്തവണ ആരാധകർക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ആദ്യ മത്സരങ്ങളിൽ ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങുക കൂടി ചെയ്തതോടെ ആ സംശയം ബലപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിങ്ങിനിറങ്ങാതിരുന്ന ധോണി മൂന്നാം മത്സരത്തിൽ 16 പന്തിൽ 37 റൺസടിച്ച് പുറത്താകാതെനിന്ന് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന പ്രതീക്ഷ നൽകി. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ഒരു റൺസ് വീതമെടുത്ത് പുറത്താവാതെനിന്ന ധോണി ഞായറാഴ്ച മുംബൈക്കെതിരെയാണ് വിശ്വരൂപം പുറത്തെടുത്തത്.
മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ധോണിക്കെതിരെ അവസാന ഓവറിലെ മൂന്നാം പന്തെറിയാൻ എത്തുമ്പോൾ 2.2 ഓവറിൽ വഴങ്ങിയത് 23 റൺസായിരുന്നു. തുടർന്നുള്ള മൂന്ന് പന്തുകൾ നിലംതൊടാതെ ഗാലറിയിലേക്ക് പറക്കുന്ന കാഴ്ചയാണ് വാംഖഡെ സ്റ്റേഡിയത്തിലെ കാണികൾ കണ്ടത്. നേരിട്ട ആദ്യ പന്ത് ലോങ് ഓഫിലൂടെ പറന്നപ്പോൾ രണ്ടാം പന്ത് വൈഡ് ലോങ്ഓണിലൂടെ ഗാലറിയിലെത്തി. മൂന്നാം പന്ത് പറന്നത് സ്ക്വയർ ലെഗിലൂടെയായിരുന്നു. ഇതോടെ മുംബൈ ആരാധകർ പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചു. അവസാന പന്തിൽ രണ്ട് റൺസ് കൂടിയെടുത്ത് നാല് പന്തിൽ 20 റൺസുമായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനിഷർ കീഴടങ്ങാതെ തിരിച്ചുകയറുമ്പോൾ 500 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
മത്സരത്തിൽ അതുല്യ നേട്ടങ്ങളും മുൻ ഇന്ത്യൻ നായകനെ തേടിയെത്തി. ചെന്നൈക്കായി ധോണിയുടെ 250ാം മത്സരത്തിനാണ് വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരൊറ്റ ടീമിനായി ഇത്രയും മത്സരങ്ങൾ കളിച്ച രണ്ടാമത്തെ മാത്രം താരമാണ് ധോണി. ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ജഴ്സിയിൽ വിരാട് കോഹ്‍ലിയാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക താരം. ധോണിക്ക് കീഴിൽ അഞ്ച് തവണയാണ് ചെന്നൈ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലാണ് അവർ ചാമ്പ്യന്മാരായത്. ചെന്നൈക്കായി ഐ.പി.എല്ലിൽ 5000 റൺസ് തികക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന നേട്ടവും എം.എസ്.ഡി സ്വന്തമാക്കി. 5529 റൺസടിച്ച സുരേഷ് റെയ്ന മാത്രമാണ് ധോണിക്ക് മുമ്പിലുള്ളത്.
ഐ.പി.എൽ ചരിത്രത്തിൽ നേരിടുന്ന ആദ്യ മൂന്ന് പന്തുകളും സിക്സർ പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. ഏഴാം തവണയാണ് താരം 20ാം ഓവറിൽ 20 റൺസിന് മുകളിൽ നേടുന്നത്. അവസാന ഓവറിൽ രണ്ടോ അതിലധികമോ സിക്സറുകൾ ഏറ്റവും കൂടുതൽ തവണ നേടിയതും (17 തവണ) ധോണിയാണ്. 20ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതിന്റെ റെക്കോഡും താരത്തിന്റെ പേരിൽ തന്നെയാണ്. 64 സിക്റാണ് അവസാന ഓവറിൽ ധോണി ഇതുവരെ അടിച്ചുകൂട്ടിയത്. രണ്ടാമതുള്ളയാൾ 33 സിക്സ് മാത്രമാണ് നേടിയത്.
അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും അവസാന ഘട്ടത്തിൽ ബാറ്റിങ് വിസ്ഫോടനവുമായി എം.എസ് ധോണിയും നിറഞ്ഞാടിയ മത്സരത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഓപണറായെത്തിയ അജിൻക്യ രഹാനെയെ പെട്ടെന്ന് തന്നെ നഷ്ടമായിരുന്നു. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത താരത്തെ കോയറ്റ്സിയുടെ പന്തിൽ ഹാർദിക് പാണ്ഡ്യ കൈയിലൊതുക്കുകയായിരുന്നു. 16 പന്തിൽ 21 റൺസെടുത്ത രചിൻ രവീന്ദ്രയെ ശ്രേയസ് ഗോപാലും വൈകാതെ മടക്കി. തുടർന്ന് ഒരുമിച്ച ഗെയ്ക്‍വാദും ശിവം ദുബെയും ചേർന്ന് മുംബൈ ബൗളർമാരെ അനായാസം നേരിടുകയായിരുന്നു. 40 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമടക്കം 69 റൺസെടുത്ത ഗെയ്ക്‍വാദിനെ പാണ്ഡ്യയുടെ പന്തിൽ മുഹമ്മദ് നബി പിടികൂടിയപ്പോൾ 38 പന്തിൽ രണ്ട് സിക്സും 10 ഫോറുമടക്കം 66 റൺസ് അടിച്ചുകൂട്ടിയ ദുബെ പുറത്താകാതെ നിന്നു. 14 പന്തിൽ 17 റൺസെടുത്ത ഡാറിൽ മിച്ചലാണ് പുറത്തായ മറ്റൊരു ബാറ്റർ. മിച്ചൽ പുറത്തായ ശേഷമായിരുന്നു വാംഖഡെ സ്റ്റേഡിയത്തെ സ്തംഭിപ്പിക്കുന്ന ‘തല’യുടെ വിളയാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.