മുംബൈ: ബുധനാഴ്ച നടക്കുന്ന ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിന് മുമ്പായി ടീമിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. നമുക്ക് എങ്ങനെ മെച്ചപ്പെടാം, എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് താരങ്ങളുടെ ശ്രദ്ധ. അവർ എന്തിനും തയാറാണ്. അതാണ് ഈ ടീമിന്റെ സൗന്ദര്യം. മുൻകാല റെക്കോഡുകൾക്ക് ഇപ്പോൾ വലിയ പങ്കുവഹിക്കാനാവില്ലെന്നും രോഹിത് പറഞ്ഞു.
‘1983ൽ നമ്മൾ ലോകകപ്പ് നേടുമ്പോൾ ഞങ്ങൾ ജനിച്ചിട്ട് പോലുമില്ല. 2011ൽ ലോകകപ്പ് കിരീടത്തിലെത്തുമ്പോൾ ഞങ്ങളിൽ പകുതി പേരും കളി തുടങ്ങിയിട്ടുമില്ല. നമ്മുടെ മുൻ ലോകകപ്പുകൾ എങ്ങനെ നേടിയെന്ന് അവർ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. നമുക്ക് എങ്ങനെ മെച്ചപ്പെടാം, എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് അവരുടെ ശ്രദ്ധ. ആദ്യ മത്സരം മുതൽ, ഇന്ന് വരെ വിജയത്തിലാണ് ശ്രദ്ധ. അതാണ് ഈ ടീമിന്റെ സൗന്ദര്യം’, രോഹിത് പറഞ്ഞു.
ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് മടങ്ങിയതോടെ അഞ്ച് സ്പെഷലിസ്റ്റ് ബൗളർമാരെ മാത്രം വെച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ബൗളറുടെ റോളും പരീക്ഷിച്ച രോഹിത്, തനിക്ക് പുറമെ ബാറ്റർമാരായ വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരെയും ബൗളർമാരായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ സാഹചര്യത്തിനനുസരിച്ച് ടീം കോമ്പിനേഷൻ രൂപപ്പെടുത്തിയെന്നും താരങ്ങൾ എന്തിനും തയാറാണെന്നും രോഹിത് പറഞ്ഞു.
‘ഹാർദിക്കിന് പരിക്കേറ്റപ്പോൾ തന്നെ നമ്മുടെ കോമ്പിനേഷൻ മാറി. ഒന്നാമത്തെ മത്സരം മുതൽ, മറ്റുള്ളവരെയും ബൗൾ ചെയ്യാൻ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഓപ്ഷനുകൾ ഉള്ളത് നല്ലതാണ്, പക്ഷെ അത് ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, രോഹിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.