ന്യൂഡൽഹി: ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറികളിലൊന്നായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്താന്റേത്. 69 റൺസിനാണ് കിരീടപ്രതീക്ഷയുമായെത്തിയ ഇംഗ്ലീഷുകാരെ അവർ തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത് 284 റൺസടിച്ച അഫ്ഗാനിസ്താനെതിരെ ഇംഗ്ലണ്ട് 40.3 ഓവറിൽ 215 റൺസിന് പുറത്താവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാനെ മത്സരശേഷം കെട്ടിപ്പിടിച്ച് കരയുന്ന കുട്ടിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാണ് ഈ കുരുന്ന് ആരാധകനെന്ന ചോദ്യം നെറ്റിസൺസ് ഉയർത്തിയപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് മുജീബ്. സമൂഹ മാധ്യമമായ എക്സിൽ ചിത്രങ്ങൾക്കും വിഡിയോക്കുമൊപ്പം മുജീബ് ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചു. ആരാധകനായ കുട്ടിക്കും തങ്ങളെ പിന്തുണച്ച ഡൽഹിയിലെ ആരാധകർക്കും നന്ദി അറിയിച്ചാണ് പോസ്റ്റ്.
‘അതൊരു അഫ്ഗാൻ കുട്ടിയല്ല, ഞങ്ങളുടെ വിജയത്തിൽ ഏറെ സന്തോഷിച്ച ഒരു ഇന്ത്യൻ ബാലനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കുട്ടിയുമൊത്തുള്ള ആ നിമിഷം ഏറെ സന്തോഷം നൽകുന്നതായിരുന്നു. ക്രിക്കറ്റ് വെറുമൊരു കളിയല്ല, അതൊരു വികാരമാണ്. കഴിഞ്ഞ രാത്രി ഞങ്ങളെ പിന്തുണക്കാൻ എത്തി അതിശയിപ്പിച്ച ആരാധകർക്ക് വലിയ നന്ദി. സ്നേഹവും പിന്തുണയും വളരെ വലുതാണ്. നിങ്ങളുടെ തുടർച്ചയായ പിന്തുണക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. ഡൽഹിയുടെ സ്നേഹത്തിന് നന്ദി’, എന്നിങ്ങനെയായിരുന്നു മുജീബുർ റഹ്മാന്റെ കുറിപ്പ്.
ഇംഗ്ലണ്ടിനെതിരായ വിജയം അഫ്ഗാനിസ്താനിലെ ഭൂകമ്പ ബാധിതർക്ക് സമർപ്പിക്കുന്നതായും മുജീബ് റഹ്മാൻ പറഞ്ഞിരുന്നു. ഇന്ന് ചെപ്പോക്കിൽ ന്യൂസിലാൻഡിനെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.