ന്യൂഡൽഹി: മൂന്നാം ഏകദിനവും പരമ്പരയും ആസ്ട്രേലിയക്ക് ‘സമ്മാനിച്ച’ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വ്യാപക വിമർശനം. ലോകകപ്പിന് ആതിഥേയരാകുന്ന ഇന്ത്യയുടെ തയാറെടുപ്പുകൾക്ക് മങ്ങലേൽപിക്കുന്നതാണ് പരമ്പരയിലെ തോൽവി. ആദ്യ രണ്ട് മത്സരങ്ങളിീൽ മിച്ചൽ സ്റ്റാർക്കിന്റെയും സംഘത്തിന്റെയും തകർപ്പൻ പേസ് ബൗളിങ്ങാണ് ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയത്.
മുൻനിര ബാറ്റ്സ്മാന്മാർ സാങ്കേതിക തികവില്ലാതെ പുറത്താകുന്ന ദയനീയ കാഴ്ചയായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിൽ. എന്നാൽ, ചെന്നൈയിൽ അവസാന ഏകദിനത്തിൽ സ്പിൻ ബൗളിങ്ങാണ് പണി പറ്റിച്ചത്. മധ്യനിര ബാറ്റ്സ്മാന്മാർ ബാറ്റിങ് കൈമാറാനാകാതെ കുഴങ്ങുകയായിരുന്നു. ലോകകപ്പിന് ആറു മാസം മാത്രം ബാക്കിനിൽക്കെ, കോച്ച് രാഹുൽ ദ്രാവിഡിന് തലവേദനയാകുന്നതാണ് ടീമിന്റെ നിരുത്തരവാദപരമായ കളികൾ.
ആസ്ട്രേലിയക്കെതിരെ ഒന്നാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുണ്ടായിരുന്നില്ല. ഭാര്യാ സഹോദരന്റെ കല്യാണത്തിൽ പങ്കെടുക്കാനാണ് രോഹിത് മാറിനിന്നത്. എന്നാൽ, ലോകകപ്പ് വർഷത്തിൽ കുടുംബകാര്യത്തിന് മത്സരം കളിക്കാതിരിക്കുന്നത് ശരിയല്ലെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്കർ അഭിപ്രായപ്പെടുന്നു.
രോഹിത് ക്യാപ്റ്റൻ എന്ന നിലയിൽ തുടർച്ചയായി കളിക്കണമായിരുന്നെന്ന് ഗവാസ്കർ പറഞ്ഞു. ഒരു മത്സരത്തിൽ മാറിനിൽക്കുന്നത് ശരിയല്ല. കുടുംബകാര്യമാണെന്നത് പരിഗണിക്കണമെങ്കിലും നായകപദവിയിൽ തുടർച്ച അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇനി എല്ലാവരും ഐ.പി.എല്ലിന്റെ തിരക്കിലാണെങ്കിലും ആസ്ട്രേലിയക്കെതിരായ തോൽവി മറക്കാനാവില്ലെന്നും ലോകകപ്പിൽ ആസ്ട്രേലിയയെ വീണ്ടും നേരിടാനുള്ളതാണെന്നും മുൻ ഇന്ത്യൻ നായകൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.