അടിച്ചു തകർത്ത് ഇംഗ്ലീഷ് ഓപണർമാർ; 10 വിക്കറ്റ് തോൽവിയോടെ ഇന്ത്യ പുറത്ത്

സിഡ്നി: ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ അനായാസ ജയത്തോടെ ഇംഗ്ലണ്ട് ഫൈനലിൽ. കലാശക്കളിയിൽ പാകിസ്താനാണ് ഇംഗ്ലീഷുകാരുടെ എതിരാളികൾ. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലീഷുകാർക്ക് ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 16ാം ഓവറിലെ അവസാന പന്തിൽ വിജയ റൺ അടിച്ചെടുത്തു. 47 പന്തിൽ ഏഴ് സിക്സും നാല് ഫോറുമടക്കം 86 റൺസുമായി അലക്സ് ഹെയിൽസും 49 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 80 റൺസുമായി ജോസ് ബട്‍ലറും അടക്കി ഭരിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ നിസ്സഹായരായി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം കണക്കിന് അടിവാങ്ങി.  

വിരാട് കോഹ്‍ലിയുടെയും ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ അർധ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺ​സാണെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. സ്കോർ ബോർഡിൽ ഒമ്പത് റൺസാകു​മ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കായി 33 പന്തിൽ അഞ്ച് സിക്സും നാല് ഫോറും സഹിതം 63 റൺസെടുത്ത ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും 40 പന്തിൽ ഒരു സിക്സി​ന്റെയും നാല് ഫോറിന്റെയും അകമ്പടിയിൽ 50 റൺസെടുത്ത വിരാട് കോഹ്‍ലിയും രക്ഷകരായി അവതരിക്കുകയായിരുന്നു. കോഹ്‍ലി അർധ സെഞ്ച്വറി തികച്ചയുടൻ ജോർദാന്റെ പന്തിൽ സാൾട്ട് പിടിച്ച് പുറത്തായപ്പോൾ പാണ്ഡ്യ ഇന്നിങ്സിലെ അവസാന പന്തിൽ ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയുടെ സ്കോർ 160 കടത്തിയത്.

അഞ്ചു പന്തിൽ അത്രയും റൺസെടുത്ത കെ.എൽ രാഹുൽ ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിൽ വിക്കറ്റ് കീപർ കൂടിയായ ക്യാപ്റ്റൻ ജോസ് ബട്‍ലർക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 റൺസെടുത്ത് ജോർദാന്റെ പന്തിൽ സാം കറന് പിടികൊടുത്തു. മികച്ച ഫോമിലേക്കെന്ന് ​തോന്നിച്ച സൂര്യകുമാർ യാദവിനെ ആദിൽ റാഷിദ് സാൽട്ടിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ പരുങ്ങി. പത്ത് പന്തിൽ ഓരോ സിക്സും ഫോറും വീതം 14 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഋഷബ് പന്ത് അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങി. നാല് പന്തിൽ ആറ് റൺസായിരുന്നു സമ്പാദ്യം. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നും ക്രിസ് വോക്സ്, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - The English openers batting show; India out with a 10 wicket loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.