ക്രിക്കറ്റിൽ വെടിക്കെട്ട് വീരന്മാരുടെ ‘സ്വന്തം നാടാണ്’ വെസ്റ്റിൻഡീസ്. സ്വന്തം തട്ടകത്തിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കരീബിയൻസ് കൂടുതൽ അപകടകാരികളാവും. റോവ്മാൻ പവലിന്റെ നേതൃത്വത്തിലുള്ള ടീം ശക്തരാണ്. ലോകത്തെ മികച്ച ട്വന്റി20 താരങ്ങളടങ്ങിയ കരീബിയൻസിനെ മെരുക്കാൻ എതിരാളികൾ കുറച്ച് വിയർക്കും.
ഗ്ലാമർ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് വിൻഡീസ് താരങ്ങൾ. ഈ ഐ.പി.എൽ സീസണിൽ താരം നിക്കോളാസ് പുരാനാണ്. 14 കളികളിൽ 178 സ്ട്രൈക്ക് റേറ്റിൽ 499 റൺസാണ് താരം അടിച്ചുകൂട്ടിയത്.
കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വജ്രായുധം ആന്ദ്രേ റസലും ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അസാമാന്യ ഓൾറൗണ്ട് പ്രകടനമാണ് ഇക്കുറി റസൽ നടത്തിയത്. അതേസമയം ഹെറ്റ്മെയറും പവലുമെല്ലാം പേരിനൊത്ത പ്രകടനം കാഴ്ചവെക്കാതെയാണ് ഐ.പി.എൽ പൂർത്തിയാക്കിയതെങ്കിലും ഏത് സമയവും പൊട്ടിത്തെറിക്കാൻ കെൽപുള്ളവരാണവർ.
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് അരങ്ങേറ്റ പരമ്പരയിൽ തിളങ്ങിയ ഷമാർ ജോസഫ് ട്വന്റി20 ലോകകപ്പിലും അരങ്ങേറ്റം കുറിക്കുന്നതോടെ കരീബിയൻസിന്റെ വീര്യം കൂടും. ജോൺസൺ ചാൾസ്, ബ്രാൻഡൻ കിങ്, ഷായ് ഹോപ്പ് എന്നിവരായിരിക്കും ടോപ് ഓർഡർ സ്ഥാനങ്ങളിൽ ബാറ്റ് പിടിക്കുക. ബാറ്റിങ് നിര സ്ട്രോങ്ങായതിനാൽ എതിർ ബൗളർമാർ നന്നായി വിയർക്കും. അകേൽ ഹൊസൈനും ഗുഡകേഷ് മോട്ടിയും സ്പിൻ ബൗളിങ്ങിനെ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.