ലണ്ടൻ: അക്ഷരാർഥത്തിൽ ഇംഗ്ലണ്ട് അർഹിച്ച വിജയം മഴ തട്ടിയെടുത്തപ്പോൾ സമനിലക്കൊപ്പം കിരീടവും ഒപ്പം കൂട്ടി ആസ്ട്രേലിയ. നിർണായകമായ നാലാം ടെസ്റ്റിലാണ് നിൽക്കാതെ പെയ്ത മഴയിൽ ഇംഗ്ലീഷ് സ്വപ്നങ്ങൾ ഒലിച്ചുപോയത്. സ്കോർ ആസ്ട്രേലിയ: 317, 214/5, ഇംഗ്ലണ്ട്: 592.
ആദ്യ മൂന്നിൽ 2-1ന് ലീഡ് പിടിച്ച കങ്കാരുക്കൾക്കെതിരെ അത്യപൂർവ പ്രകടനവുമായാണ് നാലാം കളിയിൽ ആതിഥേയർ നിറഞ്ഞുകളിച്ചത്. എന്നാൽ, ആതിഥേയർ അനായാസം ജയവുമായി മടങ്ങിയെന്ന് തോന്നിച്ച കളിയുടെ അവസാന ദിവസം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഒരു കളികൂടി ബാക്കിയുണ്ടെങ്കിലും ജയിച്ചാൽപോലും നിലവിലെ ചാമ്പ്യന്മാരെന്ന നിലക്ക് കിരീടം ആസ്ട്രേലിയക്കൊപ്പമാകും. ഇങ്ങനെയൊരു പരമ്പരനേട്ടം വേണ്ടാത്തതായിപ്പോയെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് പറഞ്ഞു.
ആഷസ് പരമ്പരയിൽ തിരിച്ചുവരാൻ അവസാന പ്രതീക്ഷയെന്ന നിലക്ക് മാഞ്ചസ്റ്റർ മൈതാനത്ത് ആദ്യ ദിനം മുതൽ നിറഞ്ഞുനിന്നത് ഇംഗ്ലീഷ് പടയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസീസ് 317 റൺസുമായി മടങ്ങിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 592 റൺസ്. കൂറ്റൻ ലീഡ് വഴങ്ങിയ സന്ദർശകർ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലായിരുന്നു. അവസാന രണ്ടു ദിവസങ്ങളിൽ ആകെ എറിഞ്ഞത് 30 ഓവർ മാത്രം. അഞ്ചു വിക്കറ്റ് പോയി 214 റൺസിലെത്തിയ കങ്കാരുക്കൾ അപ്പോഴും ഏറെ പിറകിൽ. പിന്നീടൊന്നും നടന്നില്ല. അതോടെയാണ്, മഴനിയമം ഓസീസിന്റെ തുണക്കെത്തിയത്; ഇംഗ്ലീഷ് പ്രതീക്ഷകൾ ചാരമാക്കിയതും. ‘‘ആഷസ് നിലനിർത്താനായതിൽ അഭിമാനമുണ്ടെങ്കിലും ഇതത്ര വലിയതായില്ല’’ -കമ്മിൻസ് പറഞ്ഞു. 2017-18 മുതൽ ആഷസ് പരമ്പര ഓസീസ് നിലനിർത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.