ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ-വനിത താരങ്ങളുടെ മാച്ച് ഫീ തുല്യമാക്കി വിപ്ലവകരമായ തീരുമാനം ബി.സി.സി.ഐ നടപ്പിലാക്കുമ്പോഴും താരങ്ങളുടെ വാർഷിക കരാറിലെ വിവേചനം തുടരുന്നു. ക്രിക്കറ്റിലെ വനിത പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന വാർഷിക വേതനത്തിൽ അജഗജാന്തരം വ്യത്യാസമുണ്ട്.
ഗ്രേഡ് എ പ്ലസിലുള്ള പുരുഷ ടീമംഗത്തിന് ഏഴ് കോടി രൂപയാണ് ബി.സി.സി.ഐ നൽകുന്ന പ്രതിഫലം. ഗ്രേഡ് എ 5 കോടി, ഗ്രേഡ് ബി 3 കോടി, ഗ്രേഡ് സി ഒരു കോടി എന്നിങ്ങനെയാണ് പുരുഷടീമിലെ മറ്റ് ഗ്രേഡിലുള്ളവരുടെ പ്രതിഫലം. എന്നാൽ വനിത ടീമിലെ ഗ്രേഡ് എയിലുള്ളവർക്ക് 50 ലക്ഷവും ഗ്രേഡ് ബി-30 ലക്ഷം, ഗ്രേഡ് സി-10 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം. മാച്ച് ഫീയിൽ വിപ്ലവം നടപ്പാക്കിയപ്പോഴും വാർഷിക പ്രതിഫലത്തിൽ ബി.സി.സി.ഐ അത് കൊണ്ടുവന്നിട്ടില്ല.
ഏഷ്യാ കപ്പ് ട്വന്റി20 കിരീടം, കോമൺവെൽത്ത് ഗെയിംസിൽ രണ്ടാംസ്ഥാനം, ഇംഗ്ലണ്ടിൽ കന്നി പരമ്പര വിജയം തുടങ്ങിയ നേട്ടങ്ങൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സമീപകാലത്ത് സ്വന്തമാക്കിയിരുന്നു. ഇതിനുള്ള അംഗീകാരമായാണ് തുല്യവേതനമെന്ന ആവശ്യത്തിന് ബി.സി.സി.ഐ പച്ചക്കൊടി വീശിയത്. ക്രിക്കറ്റ് ആസ്ട്രേലിയ തുല്യവേതനത്തിൽ ചർച്ചകൾ തുടരുമ്പോഴാണ് അത് നടപ്പാക്കി കാണിച്ച് ബി.സി.സി.ഐ മാതൃക കാട്ടിയത്. വരുംനാളുകളിൽ വാർഷിക കരാറിലും ബി.സി.സി.ഐ തുല്യവേതനം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.