പത്തുവർഷം മുമ്പ് പട്നയിലെ ഒരു ഇൻറർ സ്കൂൾ ക്രിക്കറ്റ് മാച്ച്. ഒരു യുവതാരം അടിച്ച പന്ത് ഗാലറിയിലെ വി.ഐ.പി സീറ്റിലിരുന്ന ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവിൻെറ കാലിൽ വന്നുവീണു. പന്തെടുത്ത ശേഷം ലാലു പറഞ്ഞു - ''ഇതെൻെറ മകൻ തനിക്ക് തന്ന സല്യൂട്ടാണ്''.
അച്ഛൻെറ വഴിയേ ആർ.ജെ.ഡിയുടെ അമരത്വം ഏറ്റെടുക്കും മുേമ്പ നീളൻമുടിയുമായി ക്രിക്കറ്റ് താരമായിരുന്ന ഒരു കാലമുണ്ടായിരുന്നു തേജസ്വി യാദവിന്. ഝാർഖണ്ഡിനായി രഞ്ജിട്രോഫിയിൽ കളത്തിലിറങ്ങിയ തേജസ്വിയെ ഐ.പി.എല്ലിലെ ഗ്ലാമർ ടീമുകളിലൊന്നായ ഡൽഹി ഡെയർ ഡെവിൾസ് ഒപ്പംകൂട്ടി. ഡെയർഡെവിൾസിൻെറ അണ്ടർ 19 ടീമിലിടം പിടിച്ച തേജസ്വി ഡൽഹി ഡെയർ ഡെവിൾസ് ടീമിലുമെത്തി. 2008-2012 വരെ നാലുസീസണുകളിൽ ഭാഗമായെങ്കിലും ഐ.പി.എല്ലിൽ ഒരിക്കൽപോലും തേജസ്വിക്ക് കളത്തിലിറങ്ങാനായില്ല. ''ഡൽഹി ടീമിൽ മകനുണ്ടെങ്കിലും എല്ലാവർക്കും വെള്ളം കൊടുക്കലാണ് ജോലി'' എന്നായിരുന്നു പിതാവ് ലാലു പ്രസാദ് യാദവ് ഇതേക്കുറിച്ച് പറഞ്ഞത്.
ഝാർഖണ്ഡിനായി വിദർഭക്കെതിരെ രഞ്ജി ടീമിലിടം പിടച്ച തേജസ്വിക്ക് ആദ്യ മത്സരത്തിൽ ഒരുറൺസെടുക്കാനേ ആയുള്ളൂ. പന്തെടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. സയ്യിദ് മുഷ്താവ് അലി ട്വൻറി 20യിൽ കളത്തിലിറങ്ങിയെങ്കിലും ബാറ്റിലും ബൗളിങ്ങിലും തിളങ്ങാനായില്ല.
തുടർന്ന് ക്രിക്കറ്റിലെ നിരാശയുടെ ക്രീസ്വിട്ട് തേജസ്വി രാഷ്ട്രീയത്തിൽ ഇന്നിങ്സ് പടുത്തുയർത്താനാരംഭിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ 2013ൽ ലാലു പ്രസാദ് യാദവ് അറസ്റ്റിലായപ്പോൾ ആർ.ജെ.ഡി ശരിക്കും നാഥനില്ലാക്കളരിയായ അവസരം തേജസ്വിക്ക് തുണയായി. തേജസ്വിയെ ലാലു പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും 24കാരനെ നേതാവായി അംഗീകരിക്കാൻ പാർട്ടിയിലുള്ളവർ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. പിന്നീട് വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എട്ടുനിലയിൽ പൊട്ടി.
2015ലെ മഹാസഖ്യം തേജസ്വി യാദവിെൻറ രാഷ്ട്രീയത്തിലെ തലവര മാറ്റിക്കുറിച്ചു. ഉപമുഖ്യമന്ത്രിയായും പിന്നീട് പ്രതിപക്ഷ നേതാവായും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതിനിടയിൽ പാർട്ടിയിലും മുന്നണിയിലും കഠിനമായ പല പ്രതിസന്ധികളും നേരിട്ടു. ഇൗ അനുഭവങ്ങളിലൂടെ ഊതിക്കാച്ചിയെടുത്ത ഒരു നേതാവിനെയാണ് 2020ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ ആർ.ജെ.ഡിക്ക് ലഭിച്ചത്.
ഒടുവിൽ നവംബർ 10ന് ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിൻെറ പുതുരൂപമായ ഡൽഹി കാപ്പിറ്റൽസ് മുംബൈക്കെതിരെ കന്നി ഫൈനലിനിറങ്ങുന്ന അതേദിവസം തന്നെ തേജസ്വി യാദവ് ബിഹാറിലെ മുഖ്യമന്ത്രി പദത്തിലേക്ക് കടുത്ത മത്സരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.