ക്രിക്കറ്റ് ആവേശം വിതച്ച് ലോകകപ്പ് ട്രോഫി ബഹ്​റൈനിലെത്തും

മനാമ: നൂറുകോടി വരുന്ന ക്രിക്കറ്റ് ആരാധകരുടെ ആശയും ആവേശവുമായ ലോകകപ്പ് ക്രിക്കറ്റ് ട്രോഫി ബഹ്​റൈനിലെത്തും. ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ- 2023 ന്റെ ഭാഗമായാണ് ട്രോഫി എത്തുന്നത്. ലോകോത്തരപ്രതിഭകളുടെ കയ്യൊപ്പ് പതിഞ്ഞ ട്രോഫിയുടെ പ്രദർശനം ആഗസ്റ്റ് 12,13 തിയതികളിൽ ബഹ്റൈനിൽ നടക്കും.

ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ടൂർ. ന്യൂസിലാന്റ്, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനി, യു.എസ്.എ, വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈറ്റ്, ബഹ്റൈൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിങ്ങനെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ 20-ലധികം നഗരങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കും.

ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം. ലോകമെമ്പാടുമുള്ള പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലാണ് പ്രദർശനമൊരുക്കുന്നത്. അതതിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകളും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) സംഘടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് വികസന പരിപാടികൾക്ക് പിന്തുണ തേടും.

ലോകകപ്പിനു മുമ്പായി ലോകമെങ്ങും ക്രിക്കറ്റ് ആവേശം എത്തിക്കുകയാണ് ഐ.സി.സിയുടെ ലക്ഷ്യം. ഇന്ത്യയിൽ നിന്ന് ആരംഭിച്ച പര്യടനം സെപ്തംബർ നാലിന് ആതിഥേയ രാജ്യത്തേക്ക് മടങ്ങിയെത്തും.

ഇന്ത്യ, ന്യൂസിലാൻഡ്, ആസ്ത്രേലിയ, യു.എസ്.എ, വെസ്റ്റ്ഇൻഡീസ്,പാകിസ്താൻ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ആഗസ്റ്റ് 12 ട്രോഫി ബഹ്റൈനിൽ എത്തുക. ബഹ്റൈനിൽനിന്ന് വീണ്ടും ഇന്ത്യയിലേക്കാണ് പ്രയാണം. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രദർശനത്തിന്ശേഷം സെപ്റ്റംബർ നാലിന് ട്രോഫി പ്രയാണം വീണ്ടും ഇന്ത്യയിൽ തിരികെ എത്തും.

Tags:    
News Summary - The World Cup trophy will reach Bahrain with cricket enthusiasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.