ബൗളിങ് മികവിൽ ഇന്ത്യക്ക് ജയം

വിശാഖപട്ടണം: ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ  ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക്  48 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ  പോരാട്ടം 131 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റെടുത്ത യുസ് വേന്ദ്ര ചഹലുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ തകർത്തത്. അക്സർ പട്ടേലും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീഴ്ത്തി. 24 പന്തിൽ 29 റൺസ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ഓപണർമാരായ ഋതുരാജ് ഗെയ് ക് വാദിന്റെയും (35 പന്തിൽ 57) ഇഷാൻ കിഷന്റെയും (35 പന്തിൽ 54) അർധശതകങ്ങളും ഹർദിക് പാണ്ഡ്യയുടെ (21 പന്തിൽ 31 നോട്ടൗട്ട്) പ്രകടനവുമാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. മൂന്നാം തവണയും ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമക്ക്.

ഓപണർമാരായ കിഷനും ഋതുരാജും ആതിഥേയർക്ക് ഗംഭീര തുടക്കവും നൽകി. കൂട്ടുകെട്ട് മൂന്നക്കത്തിലേക്ക് നീങ്ങവെ പത്താം ഓവർ സമാപിക്കുമ്പോൾ ആദ്യ വിക്കറ്റ് വീണു. ഋതുരാജിനെ സ്വന്തം പന്തിൽ കേശവ് മഹാരാജ് പിടികൂടി. ഇന്ത്യ ഒന്നിന് 97. ശ്രേയസ് അയ്യർ പ്രതീക്ഷ നൽകിയെങ്കിലും 13ാം ഓവറിൽ മടങ്ങി. 11 പന്തിൽ 14 റൺസ് നേടിയ ശ്രേയസ്സിനെ തബ്രെയ്സ് ഷംസിയുടെ പന്തിൽ എൻ റിച് നോർജെ ക്യാച്ചെടുക്കുകയായിരുന്നു. സ്കോർ രണ്ടിന് 128. മറുതലക്കുണ്ടായിരുന്ന കിഷൻ തൊട്ടടുത്ത ഓവറിൽ സ്കോർ 131ൽ നിൽക്കെ പ്രെട്രിയോസിന്റെ പന്തിൽ ഹെൻട്രിക്സിന് ക്യാച്ച് നൽകി. 16ാം ഓവറിൽ ക്യാപ്റ്റൻ ഋഷഭ് പന്തിനെ (ആറ്) ഹെൻട്രിക്സും ബവുമയും ചേർന്ന് പുറത്താക്കി. ആറ് റൺസ് മാത്രം ചേർത്ത് ദിനേശ് കാർത്തിക് റബാഡക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഇന്ത്യ 18.3 ഓവറിൽ അഞ്ചിന് 158. അക്സർ പട്ടേലിനെ കൂട്ടിന് നിർത്തി പാണ്ഡ്യ നടത്തിയ പോരാട്ടമാണ് സ്കോർ 180ന് അരികിലെത്തിച്ചത്.

Tags:    
News Summary - Third T20: India won by 48 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.