പരിക്കേറ്റ അക്സർ പട്ടേലിന് പകരക്കാരനായാണ് സ്പിൻ മാന്ത്രികൻ രവിചന്ദ്ര അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അക്സർ പട്ടേലിന്റെ പരിക്കും ഓസീസിനെതിരായ പ്രകടനവും അശ്വിന് 15 അംഗ ടീമിലേക്ക് വഴിതുറക്കുകയായിരുന്നു.
എന്നാൽ, ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് 37 കാരൻ മനസുതുറന്നത്.
ഇത് ഇന്ത്യക്ക് വേണ്ടിയുള്ള തന്റെ അവസാനത്തെ ലോകകപ്പായിരിക്കാം. അതുകൊണ്ട് തന്നെ ടൂർണമെന്റ് ആസ്വദിക്കുന്നത് വളരെ പ്രധാനമാണെന്ന് താരം പറഞ്ഞു. “നിങ്ങൾ തമാശ പറയുകയാണോയെന്ന് ഒരു പക്ഷെ ഞാൻ ചോദിക്കുമായിരുന്നു. ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാണ്. സത്യം പറഞ്ഞാൽ ഞാനും ടീമിലുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സാഹചര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ ഉണ്ടെന്ന് ഉറപ്പാക്കിയത്, ടീം മാനേജ്‌മെന്റ് എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു,” -ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കവെ അശ്വിൻ പറഞ്ഞു.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി 10 മത്സരങ്ങൾ മാറ്റുരച്ച അശ്വിൻ 2015ലാണ് അവസാനമായി കളിച്ചത്. 24.88 ശരാശരിയിലും 4.36 എകോണമിയിലും 17 വിക്കറ്റുകളാണ് താരം നേടിയത്, 4/25 ആണ് മികച്ച പ്രകടനം.
നിലവിൽ ഇന്ത്യൻ ടീമിൽ 2011 ലോകകപ്പിന്റെ ഭാഗമായ രണ്ട് താരങ്ങളാണുള്ളത്. അശ്വിനും വിരാട് കോഹ്‍ലിയും ഭാഗമായ ഇന്ത്യൻ ടീം അന്ന് രണ്ടാം ലോകകപ്പ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.