സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ സിഡ്നി ടെസ്റ്റിന് മുന്നോടിയായി ദേശീയ ഗാനം മുഴങ്ങിയപ്പോൾ നിറകണ്ണുകളുമായി നിൽക്കുന്ന മുഹമ്മദ് സിറാജിൻെ ചിത്രം പങ്കുവെച്ച് സംഘ്പരിവാറിനെതിരെ ഒളിയമ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
സിറാജിന്‍റെ ചിത്രത്തിനൊപ്പം കൈഫ് ട്വീറ്റ് ചെയ്തത് ഇങ്ങനെ: ''ചിലയാളുകളെ ഈ ചിത്രം ഞാൻ ഓർമിപ്പിക്കുന്നു. അവൻ മുഹമ്മദ് സിറാജാണ്. ദേശീയ ഗാനം എന്നാൽ അദ്ദേഹത്തിന് ഇതാണ്''. മുസ്ലിങ്ങളെ ദേശസ്നേഹമില്ലാത്തവരായി ചിത്രീകരിക്കുന്ന തീവ്രവലതുപക്ഷത്തെയും സംഘ്പരിവാറിനെയുമാണ് കൈഫ് ട്വീറ്റിലൂടെ ഒളിയെമ്പയ്തത്.
സിഡ്നി ടെസ്റ്റിൽ ടീമുകൾ കളത്തിലിറങ്ങിയപ്പോൾ ദേശീയ ഗാനം മുഴങ്ങിയപ്പോൾ പിതാവിനെ ഓർമവന്നതിനാലാണ് കരഞ്ഞതെന്ന് മത്സരശേഷം സിറാജ് പ്രതികരിച്ചിരുന്നു. പിതാവിന്‍റെ മരണശേഷം നാട്ടിൽ പോകാതെ ആസ്ട്രേലിയയിൽ തുടർന്ന സിറാജ് മെൽബണിൽ നടന്ന രണ്ടാംടെസ്റ്റിൽ അഞ്ചുവിക്കറ്റുമായി ഇന്ത്യൻ ജയത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നു. ഹൈദരാബാദിലെ ഓട്ടോ തൊഴിലാളിയായിരുന്ന മുഹമ്മദ് ഗൗസിന്‍റെ മകനായ സിറാജ് ഐ.പി.എല്ലിലെ മിന്നും പ്രകടനത്തെതുടർന്നാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്.
എന്നാൽ കൈഫിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ചിലർരംഗത്തെത്തി. അദ്ദേഹത്തിന് പിതാവിനെ ഓർത്ത് കണ്ണുനിറഞ്ഞത് കൈഫ് വളച്ചൊടിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ 2017ൽ ന്യൂസിലന്‍റിനെതിരരായ ട്വന്‍റി 20യിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയപ്പോഴും ദേശീയ ഗാനം മുഴങ്ങിയപ്പോൾ സിറാജിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നത് ചിലർ ഇതിന് മറുപടിയായി കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.