ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ അടുത്ത മത്സരത്തിൽ ഷാർദുൽ താക്കൂറിനെ പുറത്തിരുത്തി പകരം മറ്റൊരു താരത്തെ കളത്തിലിറക്കണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പരിക്കുകാരണം അടുത്ത മത്സരത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞ ഹാർദിക് പാണ്ഡ്യക്കു പകരം ആരെ കളത്തിലിറക്കണമെന്നതിനെക്കുറിച്ചും തന്റെ അഭിപ്രായം ക്രിക്കറ്റ് നിരീക്ഷകനും എഴുത്തുകാരനും കൂടിയായ തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു.
‘ധർമശാലയിൽ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അവൻ ടീമിൽനിന്ന് മാറിനിൽക്കുകയും മറ്റൊരു യഥാർഥ ഓൾറൗണ്ടർ ടീമിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും അതുണ്ടാക്കുന്ന അഭാവം പരിഹരിക്കാൻ രണ്ടു മാറ്റങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഷാർദുൽ താക്കൂറിനെ മാറ്റി ആ സ്ഥാനത്ത് മുഹമ്മദ് ഷമിയെ കൊണ്ടുവരണം. ഒപ്പം ഹാർദിക് വിട്ടുനിൽക്കുന്ന ഒഴിവിൽ സൂര്യകുമാർ യാദവിനും അവസരം നൽകണം. 2023 ലോകകപ്പിന്റെ റൗണ്ട് റോബിൻ ഘട്ടത്തിൽ ആരാണ് മികച്ചവർ എന്നു തെളിയിക്കുന്ന മത്സരമാണിത്. അതുകൊണ്ട് സാധ്യമായതിൽവെച്ചേറ്റവും മികച്ച ഇലവനെ നമ്മൾ തെരഞ്ഞെടുക്കേണ്ടതുണ്ട്’ -തരൂർ കുറിച്ചു.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ കാലിനേറ്റ പരിക്കിനെ തുടർന്നാണ് ന്യൂസിലാൻഡിനെതിരായ കളിയിൽനിന്ന് ഹാർദിക്ക് വിട്ടുനിൽക്കുന്നത്. പരിക്കേറ്റ താരത്തെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ബംഗളൂരുവിൽ ഹാർദിക്കിനെ ചികിത്സിക്കുന്നത്. ലോകകപ്പ് പോലൊരു സുപ്രധാന വേദിയിൽ ടീം ഏറെ ആശ്രയിക്കുന്ന വിശ്വസ്ത താരത്തിന് ഏഴ് ദിവസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. ഈ മാസം 29ന് ലഖ്നോവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലും ഹാർദിക്ക് കളിക്കുമോയെന്ന കാര്യം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും.
ബംഗ്ലാദേശിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ താൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഹാർദികിന് പരിക്കേറ്റത്. ബംഗ്ലാ ഓപണർ ലിറ്റൺ ദാസിന്റെ ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണ ഹാർദികിന്റെ ഇടതുകാലിന് പരിക്കേൽക്കുകയായിരുന്നു. ഗ്രൗണ്ടിൽ വേദന കൊണ്ട് പുളഞ്ഞ താരത്തിന് വൈദ്യസംഘം മൈതാനത്തെത്തി പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് കളിക്കാനാവാതെ ഹാർദിക് മടങ്ങിയശേഷം വിരാട് കോഹ്‍ലിയാണ് ആ ഓവറിലെ ബാക്കി മൂന്നുപന്തുകളെറിഞ്ഞത്. മത്സരത്തിൽ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകർത്ത ഇന്ത്യ ലോകകപ്പിൽ തങ്ങളുടെ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.