ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം വേദിയാകാനിരിക്കെ ആസ്ട്രേലിയക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ബാറ്റർ അജയ് ജദേജ. ടെസ്റ്റിലെ ലോക ഒന്നാം നമ്പറുകാരായ ഓസീസിനെ ഇന്ത്യ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 132 റൺസിനും പരാജയപ്പെടുത്തിയിരുന്നു. സ്പിന്നിനെയും ന്യൂബാളിൽ ഇന്ത്യൻ പേസർമാരെയും നേരിടുന്നതിൽ ആസ്ട്രേലിയ പരാജയപ്പെടുന്ന കാഴ്ചയാണ് ആദ്യ ടെസ്റ്റിൽ കണ്ടത്.
രണ്ടാം ടെസ്റ്റിന് മുമ്പായി ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് ജദേജ ആസ്ട്രേലിയക്ക് മുന്നറിയിപ്പ് നൽകിയത്. അനിൽ കുംെബ്ല ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ ഗ്രൗണ്ടാണ് ഇതെന്നാണ് ജദേജ ചൂണ്ടിക്കാട്ടിയത്. ‘‘നേരിയ ബൗൺസ് മാത്രമേ പിച്ചിൽനിന്ന് ലഭിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ച് പുല്ലുണ്ടെങ്കിൽ വിക്കറ്റ് ബാറ്റിങ്ങിനും പ്രയാസമുണ്ടാകില്ല. ഡൽഹിയിൽ പാകിസ്താനെതിരെ അനിൽ കുംബ്ലെ 10 വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്പിന്നർമാർക്ക് തീർച്ചയായും ഇവിടെ സഹായം ലഭിക്കും’’ എന്നിങ്ങനെയായിരുന്നു ജദേജയുടെ വാക്കുകൾ.
1999 ഫെബ്രുവരി ഏഴിനായിരുന്നു കുംെബ്ലയുടെ അതിശയ പ്രകടനം. 1956ൽ ഇംഗ്ലണ്ടിന്റെ ജിം ലേക്കറിന് ശേഷം ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു ബൗളർ എതിർ ടീമിന്റെ 10 വിക്കറ്റും ഒറ്റ ഇന്നിങ്സിൽ വീഴ്ത്തുന്നത്. അന്ന് ഫിറോസ് ഷാ കോട്ട്‍ല എന്ന പേരിലാണ് സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. പാകിസ്താനെതിരെ ആദ്യ ഇന്നിങ്സിൽ 75 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ കുംെബ്ല രണ്ടാം ഇന്നിങ്സിൽ 74 റൺസ് വഴങ്ങി 10 വിക്കറ്റും വീഴ്ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.