ഇത്തവണ മാക്സ്‍വെല്ലിനും തടയാനായില്ല; ആസ്ട്രേലിയക്കെതിരായ വിജയത്തിൽ അഫ്ഗാന് ആഘോഷിക്കാനേറെയുണ്ട്...

2023 നവംബർ 7. അഫ്ഗാനിസ്താന്റെ കായിക ചരിത്രത്തിൽ അത്രയും വേദനയുണ്ടാക്കിയ ഒരു ദിനം വേറെ ഉണ്ടാവില്ല. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഏകദിന ലോകകപ്പിൽ ആസ്ട്രേലിയയെന്ന അതികായർ അവരിൽനിന്ന് പ്രതീക്ഷിച്ച ജയം തട്ടിയെടുത്തത് അന്നായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഇബ്രാഹിം സദ്റാന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് അഫ്ഗാൻ അടിച്ചെടുത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ 91 റൺസായപ്പോഴേക്കും നിലംപൊത്തിയപ്പോൾ ലോകം മുഴുവൻ അഫ്ഗാന്റെ അട്ടിമറി പ്രതീക്ഷിച്ചു. എന്നാൽ, കീഴടങ്ങാൻ ഒരുക്കമല്ലാത്ത ഒരു പോരാളി അഫ്ഗാനും വിജയത്തിനും ഇടയിൽ നിലയുറപ്പിച്ചിരുന്നു -​െഗ്ലൻ മാക്സ്‍വെൽ. ഇരട്ട സെഞ്ച്വറിയുമായാണ് മാക്സ്വെൽ അഫ്ഗാന്റെ പ്രതീക്ഷകൾ അന്ന് തച്ചുടച്ചത്. 128 പന്തിൽ പുറത്താകാതെ 201 റൺസുമായി നിന്ന് വിജയം പിടിച്ചുവാങ്ങുമ്പോൾ പിന്നെയും 19 പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു.

ഇന്നലെ ട്വന്റി 20 ലോകകപ്പിലും അന്നത്തേതിന് സമാന സ്ഥിതിയായിരുന്നു. ഓപണർമാരായ റഹ്മാനുല്ല ഗുർബാസ് (49 പന്തിൽ 60), ഇബ്രാഹിം സദ്റാൻ (48 പന്തിൽ 51) എന്നിവരുടെ അർധസെഞ്ച്വറികളുടെ മികവിൽ അവർ ആസ്​ട്രേലിയക്ക് മുമ്പിൽ വെച്ചത് 149 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ വിക്കറ്റുകൾ ഒന്നൊന്നായി ഒരുവശത്ത് നിലംപൊത്തുമ്പോഴും മറുവശത്ത് ഒരാൾ നിലയുറപ്പിച്ചിരുന്നു -അന്ന് അഫ്ഗാന്റെ വിജയം തട്ടിയെടുത്ത അതേ മാക്സ്വെൽ. എന്നാൽ, സ്കോർ 14.4 ഓവറിൽ 106ലെത്തിയപ്പോൾ അവർക്ക് ഏറ്റവും ആഗ്രഹിച്ച ആ വിക്കറ്റെത്തി. 41 പന്തിൽ 59 റൺസുമായി ഒറ്റയാൾ പോരാട്ടം നടത്തിയ മാക്സ്വെല്ലിനെ ഗുൽബദൻ നായിബിന്റെ പന്തിൽ റഹ്മാനുല്ല ഗുർബാസ് കൈയിലൊതുക്കുന്നു. ഇതോടെ കളി ജയിച്ച മട്ടിലായിരുന്നു അഫ്ഗാൻ താരങ്ങളുടെ ആഘോഷം. പിന്നീടെത്തിയവരെല്ലാം പൊരുതാതെ കീഴടങ്ങിയതോടെ ആസ്ട്രേലിയ 21 റൺസ് അകലെ വീഴുകയും ചെയ്തു.

ഈ ചരിത്ര വിജയം അഫ്ഗാന് ആഘോഷിക്കാതിരിക്കാനാവില്ല. കാരണം, ഇത് വെറുമൊരു വിജയമല്ല, ആസ്ട്രേലിയയുടെ സെമി പ്രതീക്ഷകളെ വരെ ആശങ്കയിലാഴ്ത്തിയ വിജയമായിരുന്നു. അന്താരാ​ഷ്ട്ര മത്സരത്തിൽ ആദ്യമായി ഓസീസിനെ വീഴ്ത്തിയുള്ള സ്വപ്ന വിജയം മതിമറന്നാഘോഷിക്കുകയാണ് അഫ്ഗാനിസ്താൻ ജനതയും താരങ്ങളും. അഫ്ഗാൻ തെരുവുകളിൽ പടക്കം പൊട്ടിച്ചും മറ്റും ജനം കൂട്ടമായി വിജയം ആഘോഷിക്കുമ്പോൾ പരിശീലകനും വെസ്റ്റിൻഡീസ് മുൻ താരവുമായ ഡ്വെയ്ൻ ബ്രാവോയുടെ ‘ചാമ്പ്യൻ’ എന്ന പ്രശസ്ത ഗാനം വാഹനത്തിൽവെച്ച് കൂട്ടമായി ആലപിച്ചും നൃത്തം ചെയ്തും ആഘോഷിക്കുകയായിരുന്നു താരങ്ങൾ. മുഹമ്മദ് നബി പകർത്തിയ ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അഫ്ഗാനോടുള്ള പരാജയത്തിന്റെ ആഘാതത്തിൽ ആസ്ട്രേലിയ സെമി കാണാതെ നാട്ടിലേക്ക് മടങ്ങുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. 

Tags:    
News Summary - This time Maxwell could not stop; Afghanistan have much to celebrate in their win over Australia...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.