ന്യൂഡൽഹി: ടീമിന്‍റെ നായകനെന്ന ഉത്തരവാദിത്വം പലപ്പോഴും ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ ടീമിന്‍റെ മുഴുവൻ സമയ നായകനായി അവരോധിക്കപ്പെട്ട രോഹിത് ശർമയുടെ കാര്യം നേരെ തിരിച്ചാണ്. െവള്ളിയാഴ്ച റാഞ്ചിയിൽ ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ 25ാം അന്താരാഷ്ട്ര ട്വന്‍റി20 ഫിഫ്റ്റി നേടിയാണ് താരം കളംനിറഞ്ഞത്.
ഓപണിങ്ങിൽ കെ.എൽ. രാഹുലിനൊപ്പം ഒരിക്കൽ കൂടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി രോഹിത് ഒരിക്കൽ കൂടി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ട്വന്‍റി20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സര ശേഷം തുടർച്ചയായി അഞ്ചാം മത്സരത്തിലാണ് ഓപണിങ് ജോഡി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. രാഹുലിന്‍റെയും (49 പന്തിൽ 65) രോഹിത്തിന്‍റെയും മികവിൽ (36 പന്തിൽ 55) ഇന്ത്യ ടിം സൗത്തിയെയും സംഘത്തെയും ഏഴുവിക്കറ്റിന് തുരത്തി പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. മത്സരത്തിലൂടെ ഒരുപിടി റെക്കോഡുകളും രോഹിത് സ്വന്തമാക്കി.
അന്താരാഷ്ട്ര ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ തവണ 50 റൺസിന് മുകളിൽ സ്കോർ ചെയ്ത താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലിക്കൊപ്പം രോഹിത്ത് ഒന്നാമതെത്തി. രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങളും 29 തവണയാണ് 50ന് മുകളിൽ സ്കോർ ചെയ്തത്.
അതേസമയം രോഹിത്ത് നാലുതവണ സ്കോർ മൂന്നക്കമാക്കി മാറ്റി. അതേസമയം കോഹ്ലിക്ക് അന്താരാഷ്ട്ര ട്വന്‍റി20യിൽ സെഞ്ച്വറിയില്ല. പാകിസ്താൻ നായകൻ ബാബർ അസമും (25- ഒരുസെഞ്ച്വറി) ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറുമാണ് (22-ഒരുസെഞ്ച്വറി) ഇരുവർക്കും പിന്നിൽ.
റാഞ്ചിയിലും രാഹുലും രോഹിത്തും 100 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ട്വന്‍റി20യിൽ 13ാം തവണയാണ് രോഹിത് 100 റൺസ് കൂട്ടുകെട്ടിൽ പങ്കാളിയാകുന്നത്. ശിഖർ ധവാനും രാഹുലുമായിരുന്നു പ്രധാന പങ്കാളികൾ. 12 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി ബാബർ അസമും ഗപ്റ്റിലുമാണ് രണ്ടാമത്. ഡേവിഡ് വാർണർ (11) മൂന്നാമതുണ്ട്.
ബാബർ-റിസ്വാൻ കൂട്ടുകെട്ടിനൊപ്പം
ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ ജോഡിയായി രാഹുലും രോഹിത്തും മാറി. അഞ്ച് സെഞ്ച്വറി കൂട്ടുകെട്ടുകളുമായി ബാബർ മുഹമ്മദ് റിസ്വാൻ കൂട്ടുകെട്ടിനൊപ്പമാണ് രാഹുൽ-ഹിറ്റ്മാൻ സഖ്യമെത്തിയത്. 27 ഇന്നിങ്സുകളിൽ നിന്നാണ് ഇന്ത്യൻ സഖ്യം നേട്ടം സ്വന്തമാക്കിയതെങ്കിൽ ബാബറിനും റിസ്വാനും 22 ഇന്നിങ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ധവാനൊപ്പം നാലുസെഞ്ച്വറികൾ നേടിയ രോഹിത്ത് പട്ടികയിൽ നാലാം സ്ഥാനത്തുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.