കാൺപുർ: ഇന്ത്യ -ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ബംഗ്ലാദേശ് സൂപ്പർ ഫാൻ ടൈഗർ റോബിയെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്ത സംഭവം വിവാദമായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെ റോബിക്കരികിൽ എത്തിയ സംഘം ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. എന്നാൽ സംഭവത്തിന്‍റെ മറുവശം മറ്റൊന്നാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകകൾ സൂചിപ്പിക്കുന്നത്. റോബിയുടെ ആരോപണത്തിൽ സംശയവുമായി ആദ്യം വന്നത് ബംഗ്ലാദേശി പത്രപ്രവർത്തകരാണ്. റോബി സ്ഥിരം ശല്യക്കാരനാണെന്നും മാധ്യമശ്രദ്ധ നേടാനായാണ് വിവാദമുണ്ടാക്കുന്നതെന്നും അവർ പറയുന്നു.
ഇന്ത്യൻ താരങ്ങൾക്കു നേരെ, പ്രത്യേകിച്ച് മുഹമ്മദ് സിറാജിനെ ലക്ഷ്യമിട്ട് ചെന്നൈയിലെ ആദ്യ ടെസ്റ്റിനിടയിലും റോബി അസഭ്യം വിളിച്ചുപറയുന്നുണ്ടായിരുന്നു. ചെന്നൈയിൽ ആർക്കും ബംഗാളി ഭാഷ വശമില്ലാത്തതുകൊണ്ട് ആളുകൾ ഒന്നും ചെയ്തില്ല. എന്നാൽ കാൺപുരിൽ സ്ഥിതി അതല്ല. റോബി പറഞ്ഞ അസഭ്യം കേട്ട കാണികൾ സ്വാഭാവികമായും പ്രകോപിതരായെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബംഗ്ലാദേശി മാധ്യമപ്രവർത്തകൻ പറഞ്ഞു. ‘ബംഗ്ലാ കടുവകളു’ടെ കടുത്ത ആരാധകനായ റോബി കടുവ വേഷത്തിലാണ് മത്സരങ്ങൾ കാണാനെത്തുന്നത്. അതിനാലാണ് ടൈഗർ റോബിയെന്ന വിളിപ്പേര് വന്നത്.
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന റോബി, മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും വിവരമുണ്ട്. കാൺപുർ ടെസ്റ്റിന് മുമ്പ് ഇയാൾ നഗരത്തിലെ ആശുപത്രി സന്ദർശിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റോഡിൽ തളർന്നിരിക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് റോബിയെ വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോപണത്തിന് വിരുദ്ധമായി ആരോഗ്യനില വഷളായതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സ്റ്റാൻഡ്സിൽ മോശമായി പെരുമാറിയെന്നു കണ്ടാൽ റോബിയെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചേക്കും.
നേരത്തെ റോബിയെ കാണികൾ കൈയേറ്റം ചെയ്തതായി ഐ.എ.എൻ.എസ് ആണ് റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശ് പതാകയുമായി ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഒരുകൂട്ടം കാണികൾ ടൈഗർ റോബിക്ക് സമീപമെത്തി ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. തന്നെ ഉപദ്രവിച്ചത് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളിൽനിന്ന് തന്നെ ഉള്ളവരാണെന്ന് റോബി ആരോപിച്ചെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം പരമ്പരയിലെ അവസാന ടെസ്റ്റിന്‍റെ ആദ്യദിനം മഴയിൽ മുങ്ങിയപ്പോൾ, 35 ഓവർ മാത്രമാണ് കളിക്കാനായത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 40 റൺസുമായി മോമിനുൽ ഹഖും ആറ് റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ. രണ്ടാം ദിനം ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ ആധിപത്യം നേടാനുള്ള ശ്രമമായിരിക്കും ഇന്ത്യ നടത്തുക. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.