സഞ്ജു സാംസൺ

'അവസരം നൽകുന്നുണ്ടെന്ന് പറയുന്നു, പത്ത് വർഷത്തിനടയിൽ ഒരു ലോങ് റണ്ണെങ്കിലും കൊടുത്തൊ?'

ശ്രിലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിൽ രണ്ട് മത്സരത്തിൽ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നു. എന്നാൽ രണ്ടിലും പൂജ്യനായിട്ടായിരുന്നു താരത്തിന്‍റെ മടക്കം. രണ്ടാം മത്സരത്തിൽ പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം കളത്തിലിറങ്ങിയ സഞ്ജു ആദ്യ പന്തിൽ ബൗൾഡ് ആയപ്പോൾ മൂന്നാം മത്സരത്തിൽ നാല് പന്ത് നേരിട്ട് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.

സഞ്ജുവിന് നീതി കിട്ടണമെന്നും അവസരം ലഭിക്കണമെന്നും സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും വാദിച്ച ആരാധകരെ സഞ്ജുവിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നുണ്ട്. രണ്ട് കളിയിൽ തുടർച്ചയായി റണ്ണെടുക്കാതെ ഔട്ടായ സഞ്ജുവിന്‍റെ പ്രകടനത്തെ ന്യായികരിക്കാൻ പോലും ആരാധകർക്ക് പറ്റാതെയായി. എന്നാൽ സഞ്ജുവിന് വേണ്ടി സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബൗളറായ മലയാളി താരം ടിനു യോഹനൻ.

പത്ത് വർഷത്തോളമായി അദ്ദേഹം ടീമിലെത്തിയിട്ട് എന്നിട്ട് എപ്പോഴെങ്കിലും അദ്ദേഹത്തിന് ലോങ് റൺ കൊടുത്തിണ്ടോയെന്ന് യോഹനൻ ചോദിക്കുന്നു. എല്ലാ മത്സരവും സഞ്ജുവിന് 'ഡു ഓർ ഡൈ' മത്സരങ്ങളാണെന്നും യോഹനൻ പറയുന്നുണ്ട്.

' അവന്‍റ അരങ്ങേറിയിട്ട് പത്ത് വർഷമായി. ടീമിൽ വന്നും പോയുമാണ് ഈ പത്ത് വർഷം നിൽക്കുന്നത്. എപ്പോൾ ബാറ്റിങ്ങിന് ഇറങ്ങിയാലും സമ്മർദ്ദ ഘട്ടത്തിലായിരിക്കും അവൻ ബാറ്റ് ചെയ്യുക. എവിടെയെങ്കിലും സഞ്ജുവിന് ഒരു ലോങ് റൺ നൽകേണ്ടതുണ്ട്. ഒരു നല്ല ബാക്കിങ് അവൻ അർഹിക്കുന്നുണ്ട്,' യോഹനൻ പറഞ്ഞു.

രാജസ്ഥാൻ റോയൽസ് പോലെയല്ല ഇന്ത്യൻ ടീം ഇവിടെ അദ്ദേഹത്തിന് ഒരുപാട് മത്സരങ്ങളുണ്ട്. റിഷബ് പന്തിനെ പോലെയുള്ള താരങ്ങളുണ്ടെങ്കിലും സഞ്ജു സാംസണ് ലോങ് റൺ നൽകണമെന്നും വളരെ ഫ്രീ മൈൻഡ് ഉള്ള താരമൊണ് സഞ്ജുവെന്നും യോഹനൻ കൂട്ടിച്ചേർത്തു.

' റോയൽസില് അവന്‍റെ റോൾ എന്താണെന്ന് അവന് വ്യക്തമാണ്. പരാജയപ്പെട്ടാലും പ്രശ്നമില്ലെന്ന് അവന് അറിയാം. എന്നാൽ ഇന്ത്യൻ ടീമിൽ റിഷബ് പന്തിനെ പോലെയുള്ള താരങ്ങൾ തിരിച്ചെത്തുമ്പോൾ ഒരുപാട് മത്സരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും, എന്നാലും ഏതെങ്കിലും പോയന്‍റിൽ അവന് ലോങ് റൺ കൊടുക്കണം. തന്‍റെ മനസിൽ ഒരുപാട് സമ്മർദം നൽകുന്ന താരമല്ല സഞ്ജു. സ്വാതന്ത്രമുണ്ടെങ്കിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവന് സാധിക്കും, കാരണം അവൻ ഒരു 'കൂൾ മൈൻഡുള്ള' ആളാണ്.

ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അവൻ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഏകദിന ടീമിൽ അവന് അവസരമില്ല,' യോഹനൻ പറഞ്ഞു.

Tags:    
News Summary - tinu yohanan backs sanju samson saying he needs a long run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.