ലാഹോർ: പാകിസ്താൻ ദേശീയ ടീമിന് വൻ സ്വീകരണം നൽകിയ ഇന്ത്യയുടെ ആതിഥ്യ മര്യാദക്ക് ലോകത്തിലെ പലകോണുകളിൽ നിന്നും വൻ കയ്യടി ഉയരവേ പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ സക്ക അഷ്‌റഫിന്റെ 'ദുഷ്മാൻ മുൽക്ക്' എന്ന പ്രസ്താവന വിവാദമായിരുന്നു. എന്നാൽ, താൻ ശത്രു രാജ്യം എന്നല്ല പറഞ്ഞതെന്നും ഇന്ത്യയും പാകിസ്താനും പാരമ്പര്യ എതിരാളികളാണ് എന്നതാണ് ഉദ്ദേശിച്ചതെന്നും സാക്ക അഷ്റഫ് തിരുത്തി.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ കളിക്കാരെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെടുന്നുവെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ പരസ്പരം കളിക്കാരെ ബഹുമാനിക്കുന്നുണ്ടെന്നതിന് തെളിവാണ് ഹൈദരാബാദിൽ പാക് ടീമിന് ലഭിച്ച സ്വീകരണമെന്നും പി.സി.ബി പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിൽ സാക്ക അഷ്റഫ് പറഞ്ഞു.
മുടങ്ങിയപോയ ഇരുരാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാംഭിക്കണെന്നും ഇന്ത്യ ടീം പാകിസ്താൻ സന്ദർശിക്കണമെന്നും സാക്ക അഷ്റഫ് ആവശ്യപ്പെട്ടു.
ബുധനാഴ്ച പാകിസ്താനിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 'ശത്രുരാജ്യം' എന്ന വിവാദ പ്രസ്താവന സാക്ക അഷ്റഫ് നടത്തുന്നത്. പാക് ടീമിന് ഇന്ത്യയിൽ മികച്ച സ്വീകരണം ലഭിച്ചിട്ടും ഇത്തരം പ്രസ്താവനകൾ വന്നതിൽ വൻ രോഷമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നത്. തുടർന്നാണ് അദ്ദേഹം തിരുത്തുമായി രംഗത്ത് വരുന്നത്.
ഒക്ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.