ബ്രിഡ്ജ്ടൗൺ (ബാർബഡോസ്): വ്യാഴവട്ടം പിന്നിട്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ച രോഹിത് ശർമയും സംഘവും ജന്മദേശത്തിന്റെ ആഹ്ലാദാരവങ്ങളിലേക്ക് മടങ്ങിയെത്തുന്നു. കാലാവസ്ഥ ഇനിയും വില്ലനായില്ലെങ്കിൽ ട്വന്റി20 ലോകകപ്പ് ജേതാക്കൾ ഇന്ന് രാത്രി ഡൽഹിയിൽ വിമാനമിറങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെയാണ് മടക്കയാത്ര വൈകിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് ആറിന് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 3.30) പുറപ്പെടാനാണ് തീരുമാനം. രാത്രി 7.45ന് ഇന്ത്യയിലെത്തും.
ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാൽ, വിമാനത്താളവം അടച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതോടെ ഇവർ ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ തുടർന്നു. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകരും ഉൾപ്പെടെ എഴുപതോളം പേർ ഇന്ത്യൻ സംഘത്തിലുണ്ട്. ബാർബഡോസിൽ ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ചാണ് ടീം ട്വന്റി20 ലോകകിരീടം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകജേതാക്കൾക്ക് സ്വീകരണമൊരുക്കുന്നുണ്ട്.
അതേസമയം, ടീമിന്റെ യാത്രവൈകിയത് സംബന്ധിച്ച് വിശദീകരണവുമായി ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി രംഗത്തെത്തി. വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മണിക്കൂറുകൾക്കകം യാത്രക്കുള്ള സൗകര്യം ഒരുക്കുമെന്നും അവർ വ്യക്തമാക്കി. ചുഴലിക്കാറ്റ് വൻ നാശം വിതച്ച ബാർബഡോസിൽ ഞായറാഴ്ച വൈകീട്ട് ലോക്ക് ഡൗണാണ്. ബുധനാഴ്ച വീണ്ടും ചുഴലിക്കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. പ്രതികൂല ഘട്ടത്തിലും നല്ലനിലയിൽ തുടർന്ന ഇന്ത്യൻ ടീമിനെ ബാർബഡോസ് പ്രധാനമന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.