റിസ്‌വാനെതിരെ ‘ജയ് ശ്രീറാം’ വിളികളുമായി കാണികൾ; തരംതാഴ്ന്ന പ്രവൃത്തിയെന്ന് ഉദയനിധി സ്റ്റാലിൻ

അഹ്മദാബാദ്: ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ ഉച്ചത്തിൽ ‘ജയ് ശ്രീറാം’ വിളികളുമായി കാണികൾ. മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ലക്ഷത്തിലധികം പേർ തിങ്ങിനിറഞ്ഞ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്ന് താരത്തിനുനേരെ ജയ് ശ്രീറാം വിളികൾ ഉയർന്നത്.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാണികളോട് പ്രതികരിക്കാതെ താരം നേരെ ഡ്രസിങ് റൂമിലേക്ക് നടന്നുപോയി. 49 റൺസെടുത്ത റിസ്‌വാനെ 34ാമത്തെ ഓവറിലെ അവസാനത്തെ പന്തിൽ ജസ്പ്രീത് ബുംറ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ നായകൻ ബാബർ അസമും റിസ്‌വാനും ചേർന്നതോടെ ഒരുഘട്ടത്തിൽ ഇന്ത്യ അപകടം മണത്തിരുന്നു. എന്നാൽ, ബൗളർമാർ കൊടുങ്കാറ്റയതോടെ പാക് ബാറ്റർമാർ ചീട്ടുകൊട്ടാരം കണക്കെ തകർന്നുവീണു. 50 റൺസെടുത്ത ബാബറാണ് പാക് നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറി റിസ്‌വാൻ ഗസ്സയിലെ സഹോദരങ്ങൾക്ക് സമർപ്പിച്ചത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണവും നടന്നു. ലോകം ഉറ്റുനോക്കിയ ലോകകപ്പിലെ ത്രില്ലർ പോരാട്ടം കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരവും ഇതായിരുന്നു.

കാണികളുടെ പ്രവൃത്തിയെ വിമർശിച്ച് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. വിദ്വേഷം പരത്തുന്നതിന് പകരം രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള ഉപാധിയാകണം കായികവിനോദങ്ങളെന്ന് സ്റ്റാലിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

‘ആതിഥ്യമര്യാദക്കും കളിയിലെ മാന്യതക്കും ഇന്ത്യ പ്രശസ്തമാണ്. എന്നാൽ, അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്താൻ താരങ്ങളോടുള്ള പെരുമാറ്റം അസ്വീകാര്യവും തരം താഴ്ന്നതുമാണ്. രാജ്യങ്ങളെ ഒന്നിപ്പിക്കാനും സാഹോദര്യം വളർത്തിയെടുക്കാനുമുള്ള ശക്തിയാകണം കായികവിനോദങ്ങൾ. വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്’ -ഉദയനിധി പറഞ്ഞു.

പാകിസ്താനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബൗളർമാരുടെ മിന്നുംപ്രകടനമാണ് ഇന്ത്യ വിജയത്തിന് അടിത്തറ പാകിയത്. ബുംറയാണ് കളിയിലെ താരം.

Tags:    
News Summary - Udhayanidhi Stalin Condemns 'Jai Shri Ram' Chants At Mohammad Rizwan In Ahmedabad Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.