പോഷെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഒരിക്കലും തകർക്കപ്പെടാത്ത റെക്കോഡുമായി ഇന്ത്യയുടെ അണ്ടർ 19 വനിത ക്രിക്കറ്റ് ടീം. പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടമുയർത്തിയാണ് ഇന്ത്യൻ കുമാരികൾ ചരിത്രം കുറിച്ചത്. കഴിഞ്ഞവർഷം അണ്ടർ 19 പുരുഷ ടീമും ലോകചാമ്പ്യന്മാരായിരുന്നു. ഇതോടെ രണ്ടു യുവ കിരീടങ്ങളും ഇന്ത്യയുടെ ഷോക്കേസിലായി.
ഏകപക്ഷീയമായ ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 17.1 ഓവറിൽ 68 റൺസിന് കൂടാരം കയറ്റിയ ഇന്ത്യ 14 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ടിറ്റാസ് സദു, അർച്ചന ദേവി, പർഷവി ചോപ്ര എന്നിവരാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. 24 റൺസ് വീതമെടുത്ത സൗമ്യ തിവാരിയും ഗൊങ്ങാഡി തൃഷയും ഇന്ത്യയുടെ ജയം എളുപ്പമാക്കി. ടിറ്റാസ് സദു ആണ് കളിയിലെ താരം.
ടോസ് നേടിയ ഇന്ത്യൻ നായിക ഷെഫാലി വർമ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതൽ പിടിമുറുക്കിയ ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ട് ബാറ്റർമാർക്ക് സ്വാതന്ത്ര്യമനുവദിച്ചതേയില്ല. ആദ്യ ഓവറിൽ തന്നെ ലിബർട്ടി ഹീപിനെ (0) പുറത്താക്കിയ സദുവാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്.
തന്റെ രണ്ടാം ഓവറിൽ ഇംഗ്ലണ്ട് നായിക ഗ്രേസ് സ്ക്രിവെൻസിനെയും (4) നിയാം ഹോളണ്ടിനെയും (10) മടക്കിയ അർച്ചന ദേവി ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം നൽകി. പർഷവി ചോപ്രയും മന്നത്ത് കശ്യപും ഷെഫാലിയും സോനം യാദവുമൊക്കെ വിക്കറ്റ് വേട്ടയിൽ പങ്കുചേർന്നതോടെ ഇംഗ്ലണ്ടിന് നിൽക്കക്കള്ളിയില്ലാതായി. റൈന മക്ഡൊണാൾഡ് ഗേയും (19) അലക്സ സ്റ്റോൺഹൗസും (11) സോഫിയ സ്മെയിലും (11) ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.
മറുപടി ബാറ്റിങ്ങിൽ ചെറിയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കം നൽകിയ ഷെഫാലി (11 പന്തിൽ ഒരു സിക്സും ഫോറുമടക്കം 15), ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ്സ്കോറർ ശ്വേത സെഹ്റാവത് (5) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും സൗമ്യ തിവാരിയും (37 പന്തിൽ മൂന്നു ഫോറടക്കം പുറത്താവാതെ 24) ഗൊങ്ങാഡി തൃഷയും (29 പന്തിൽ മൂന്നു ഫോറടക്കം 24) എന്നിവർ ഇന്ത്യയുടെ വിജയം യാഥാർഥ്യമാക്കി. ജയത്തിന് മൂന്നു റൺസകലെ തൃഷ പുറത്തായെങ്കിലും ഋഷിത ബസുവിനെ (0) കൂട്ടുപിടിച്ച് തിവാരി ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.