ബംഗ്ലാദേശിനെ അട്ടിമറിച്ച് യു.എസ്.എ; ‘മിനി ടീം ഇന്ത്യ’ക്ക് അഭിനന്ദനവുമായി ആരാധകർ

ടെക്സസ്: ട്വന്റി 20 ലോകകപ്പിന് സഹ ആതിഥേയരാകുന്ന യു.എസ്.എക്ക് ബംഗ്ലാദേശിനെതിരെ അട്ടിമറി ജയം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ‘മിനി ടീം ഇന്ത്യ’ മറിച്ചിട്ടത്. യു.എസ് ടീമിൽ മിക്കവരും ഇന്ത്യൻ വംശജരാണ്. 13 പന്തിൽ പുറത്താകാതെ 33 റൺസടിച്ച് വിജയത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ മുൻ അണ്ടർ 19 താരം ഹർമീത് സിങ്ങാണ് മത്സരത്തിലെ താരമായത്. ന്യൂസിലാൻഡിന്റെ മുൻ ആൾറൗണ്ടർ കോറി ആൻഡേഴ്സൺ 25 പന്തിൽ 34 റൺസെടുത്ത് പുറത്താകാതെനിന്നു.

ടോസ് നേടിയ യു.എസ്.എ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47 പന്തിൽ 58 റൺസെടുത്ത തൗഹീദ് ഹൃദോയിയുടെ മികവിൽ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണെടുത്തത്. മഹ്മൂദുല്ല (31), സൗമ്യ സർക്കാർ (20) എന്നിവർക്ക് മാത്രമാണ് തൗഹീദിന് പുറമെ ബംഗ്ലാ നിരയിൽ പിടിച്ചുനിൽക്കാനായത്. യു.എസ്.എക്കായി സ്റ്റീവൻ ടെയ്‍ലർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സൗരബ് നേത്രവാൽക്കർ, അലി ഖാൻ, ജസ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എക്ക് 14.5 ഓവറിൽ 94 റൺസെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പരാജയം ഉറപ്പിച്ചിരിക്കെ കോറി ആൻഡേഴ്സണും ഹർമീത് സിങ്ങും ഒന്നിച്ച് ബംഗ്ലാദേശിന്റെ പരിചയസമ്പന്നരായ ബൗളർമാരെ അടിച്ചുപറത്തുകയായിരുന്നു. 28 പന്തിൽ 62 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മൂന്ന് പന്ത് ശേഷിക്കെ ടീമിനെ സ്വപ്നജയത്തിലെത്തിക്കുകയും ചെയ്തു. യു.എസ്.എക്കായി ഓപണർ സ്റ്റീവൻ ടെയ്‍ലർ 28ഉം ആ​ൻഡ്രീസ് ഗൗസ് 23ഉം റൺസെടുത്തു.

യു.എസ് നായകൻ മൊനാങ്ക് പട്ടേൽ, ടീം അംഗങ്ങളായ ഹർമീത് സിങ്, ജസ്ദീപ് സിങ്, നോസ്തുഷ് കെൻജിഗെ, സൗരബ് നേത്രവാൽക്കർ തുടങ്ങിയവരെല്ലാം ഇന്ത്യൻ വംശജരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ടീമിന് അഭിനന്ദനവുമായി നിരവധി ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - USA overthrew Bangladesh; Fans congratulated 'Mini Team India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.