ജൂലൻ ഗോസ്വാമി കളി നിർത്തുന്നു; ഇംഗ്ലണ്ട് പര്യടനത്തോടെ വിരമിക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിത പേസർമാരിലൊരാളായ ജൂലന്‍ ഗോസ്വാമി കളി മതിയാക്കുന്നു. സെപ്റ്റംബർ 24ന് വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെ വിരമിക്കുമെന്ന് 39കാരി പ്രഖ്യാപിച്ചു.

വനിത ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ഇപ്പോഴും ജൂലന്റെ കൈയില്‍ ഭദ്രമാണ്. മൂന്ന് ഫോര്‍മാറ്റുകളില്‍നിന്നായി 352 വിക്കറ്റുകളാണ് താരത്തിന്‍റെ പേരിലുള്ളത്. 2022 ഏകദിന ലോകകപ്പിനുശേഷം ജൂലന്‍ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും താരം പങ്കെടുത്തിരുന്നില്ല. ട്വന്റി20 ക്രിക്കറ്റില്‍നിന്ന് താരം നേരത്തേ വിരമിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ട്വന്‍റി20 മത്സരങ്ങളും മൂന്നു ഏകദിന മത്സരങ്ങളുമാണുള്ളത്. ഇന്ത്യക്കുവേണ്ടി താരം 12 ടെസ്റ്റ് മത്സരങ്ങളും 68 ട്വന്‍റി20 മത്സരങ്ങളും 210 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 44 വിക്കറ്റുകളും ഏകദിനത്തിൽ 252 വിക്കറ്റുകളും ട്വന്‍റി20യിൽ 56 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2005, 2009, 2013, 2017, 2022 വർഷങ്ങളിൽ ഐ.സി.സി വനിത ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിച്ചു.

2018ലാണ് താരം അവസാനമായി ട്വന്റി20 കളിച്ചത്. 2021 ഒക്ടബോറില്‍ അവസാന ടെസ്റ്റ് മത്സരവും. 19ാം വയസ്സിലാണ് ജൂലൻ ഇന്ത്യൻ കൂപ്പായമണിഞ്ഞത്.

Tags:    
News Summary - Veteran India pacer Jhulan Goswami set to play farewell match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.