രാജ്കോട്ട്: ഉപനായകൻ സചിൻ ബേബിയുടെ (83 നോട്ടൗട്ട്) ബാറ്റിങ് മികവിൽ ഉത്തരാഖണ്ഡിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച കേരളം തുടർച്ചയായ മൂന്നാം ജയവുമായി വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിെൻറ ക്വാർട്ടറിൽ കടന്നു. അഞ്ചു കളികളിൽ നാലു ജയവും ഒരു തോൽവിയുമായി ഗ്രൂപ് ഡിയിൽ കേരളത്തിനൊപ്പം മഹാരാഷ്ട്രക്കും മധ്യപ്രദേശിനും 16 പോയൻറ് വീതമുണ്ടെങ്കിലും മികച്ച നെറ്റ് റൺറേറ്റിെൻറ ബലത്തിൽ ഗ്രൂപ്പിൽ ഒന്നാമതായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ മധ്യപ്രദേശ് പ്രീ ക്വാർട്ടറിലേക്കും ടിക്കറ്റെടുത്തു.
അഞ്ചു കളികളിൽ നാലു സെഞ്ച്വറിയുമായി ഋതുരാജ് ഗെയ്ക്വാദ് മുന്നിൽനിന്ന് നയിച്ചിട്ടും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന മഹാരാഷ്ട്ര പുറത്തായി. ഈ മാസം 22 ന് ജയ്പുരിൽ നടക്കുന്ന ക്വാർട്ടറിൽ സർവിസസാണ് കേരളത്തിെൻറ എതിരാളി. ജയം അനിവാര്യമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 224 റൺസിലൊതുക്കിയ കേരളം 35.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. 10 റൺസെടുത്ത ഓപണർ അസ്ഹറുദ്ദീനെ മാറ്റി നിർത്തിയാൽ ബാറ്റർമാരെല്ലാം അതിവേഗ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചു.
ക്യാപ്റ്റൻ സഞ്ജു സാംസൺ(33), രോഹൻ കുന്നുമ്മൽ(26), വിഷ്ണു വിനോദ് (34) , വിനൂപ് മനോഹരൻ(28) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് ബാറ്റർമാരിൽ ഓപണറും ക്യാപ്റ്റനുമായ ജേ ബിസ്തയും(93) മധ്യനിരക്കാരൻ നേഗിയും (52) മാത്രമാണ് തിളങ്ങിയത്. കേരളത്തിെൻറ പേസർമാരായ എം.ഡി. നിധീഷ് മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റ് നേടി.
174 റൺസ് കൂട്ടുകെട്ടിന് ആദരം
കൊച്ചി: കഴിഞ്ഞ ദിവസം മഹാരാഷ്ട്രക്കെതിരായ മത്സരത്തിൽ 174 റൺസ് കൂട്ടുകെട്ടുയർത്തിയ വിഷ്ണു വിനോദിനും സിജോമോൻ ജോസഫിനും ലക്ഷം രൂപ വീതം സമ്മാനം പ്രഖ്യാപിച്ച് കെ.സി.എ. ഇരുവരുടെയും കരുത്തിൽ കേരളം കളി നാലു വിക്കറ്റിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.