തോൽവിയിലും കോഹ്ലിക്ക് ലോക റെക്കോഡ്! കൂടുതൽ തവണ ഒരു കലണ്ടർ വർഷം രണ്ടായിരത്തിലധികം റൺസ്

സെഞ്ചൂറിയന്‍ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ടെങ്കിലും സൂപ്പർബാറ്റർ ബാറ്റർ വിരാട് കോഹ്ലി ഒരു അപൂർവ ലോക റെക്കോഡ് സ്വന്തമാക്കി. ഒരു കലണ്ടർ വർഷം രണ്ടായിരത്തിലധികം റൺസ് ഏഴു തവണ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലി കൈവരിച്ചത്.

ശ്രീലങ്കയുടെ മുൻ സൂപ്പർതാരം കുമാർ സംഗക്കാരയെയാണ് 35കാരനായ കോഹ്ലി മറികടന്നത്. പ്രോട്ടീസിനെതിരായ ഒന്നാം ടെസ്റ്റിലെ മൂന്നാംദിനത്തിലാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. സംഗക്കാര ആറു തവണയാണ് ഒരു കലണ്ടർ വർഷം രണ്ടായിരത്തിലധികം റൺസ് നേടിയത്. മൂന്നാമതുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറും മഹേള ജയവർധനയും അഞ്ചു തവണ 2000ത്തിലധികം റൺസ് നേടിയിട്ടുണ്ട്.

രണ്ടാം ഇന്ന്ങിസിൽ കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആതിഥേയരുടെ തീതുപ്പുന്ന ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞപ്പോൾ കോഹ്ലി മാത്രമാണ് ഒരറ്റത്ത് പിടിച്ചുനിന്നത്. 82 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 76 റൺസെടുത്ത താരം പത്താമനായാണ് പുറത്തായത്. 2012ലാണ് കോഹ്ലി ആദ്യമായി ഒരു കലണ്ടർ വർഷം 2000 റൺസ് നേട്ടം പിന്നിടുന്നത്. 2014, 2015, 2016, 2017, 2019 വർഷങ്ങളിലും ഈ നേട്ടം ആവർത്തിച്ചു.

ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും കോഹ്ലിയുടെ പേരിലാണ്. 2017ൽ 46 മത്സരങ്ങളിൽനിന്നായി 2818 റൺസാണ് താരം അടിച്ചുകൂട്ടിയത്. 11 സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. 68.73 ആണ് ശരാശരി. ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കോഹ്ലി, ഒന്നാം ഇന്നിങ്സിൽ 38 റൺസെടുത്തിരുന്നു.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനുമാണ് തോറ്റത്. നാലു വീക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബർഗറാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ല് തകർത്തത്. നേരത്തേ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സ് എടുത്തിരുന്നു. 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി. രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്.

Tags:    
News Summary - Virat Kohli Amasses 2000 Runs In A Calendar Year For 7th Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.