‘സചിൻ, വിരാട് കോഹ്ലി -ആരെ തെരഞ്ഞെടുക്കും’; ശുഭ്മൻ ഗില്ലിന്‍റെ മറുപടി ഇങ്ങനെ...

രാജ്യം വേദിയാകുന്ന ലോകകപ്പ് ഏകദിന ക്രിക്കറ്റിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, യുവതാരം ശുഭ്മൻ ഗില്ലിന്‍റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഓരോ മത്സരം പൂർത്തിയാക്കുമ്പോഴും പുതിയ റെക്കോഡുകൾ തന്‍റെ പേരിലാക്കി കുതിക്കുകയാണ് താരം.

അതിവേഗം ആയിരം റൺസ് പിന്നിടുന്ന ഇന്ത്യൻ താരമെന്ന നേട്ടം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. പിന്നാലെ ശിഖർ ധവാനെ മറികടന്ന് വേഗത്തിൽ നാലു സെഞ്ച്വറികൾ നേടുന്ന താരമായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടത്തിൽ പാക് നായകൻ ബാബർ അസമിനൊപ്പമെത്തി. ന്യുസിലൻഡിനെതിരായ മൂന്നു മത്സരത്തിലായി 360 റൺസാണ് ശുഭ്മൻ നേടിയത്.

ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 112 റൺസെടുത്താണ് താരം പുറത്തായത്. ഏകദിനത്തിലെ ബാറ്റിങ് ശരാശരി 73.76 ആണ്. സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ഒരു കുസൃതി ചോദ്യത്തിന് വളരെ രസകരമായാണ് ശുഭ്മൻ ഗിൽ മറുപടി നൽകിയത്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ചോദ്യം.

താരം നൽകിയ മറുപടി ഇങ്ങനെ; ‘വിരാട് ഭായിയെ തെരഞ്ഞെടുക്കും കാരണം...ഞാൻ ക്രിക്കറ്റ് കളി തുടങ്ങുന്നതിന് കാരണം സചിൻ ഭായിയാണ്, എന്‍റെ പിതാവ് അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ്. സചിൻ വിരമിക്കുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു, ക്രിക്കറ്റിനെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. ക്രിക്കറ്റിനെ കുറിച്ച് മനസ്സിലാക്കി തുടങ്ങിയതോടെ അത് വിരാട് ഭായിയായി, കാരണം ബാറ്ററെന്ന നിലയിൽ അദ്ദേഹത്തിൽനിന്നാണ് കൂടുതൽ കാര്യങ്ങൾ പഠിച്ചത്’.

നായകൻ രോഹിത് ശർമയുടെയും ശുഭ്മൻ ഗില്ലിന്‍റെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 212 റൺസാണ് അടിച്ചെടുത്തത്. ജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു.

Tags:    
News Summary - Virat Kohli And Sachin Tendulkar, Shubman Gill Names This Superstar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.