മാസ്മരിക പ്രകടനവുമായി നിറഞ്ഞാടിയ വിരാട് കോഹ്‍ലിയുടെ കരുത്തിലായിരുന്നു മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയം കുറിച്ചത്. അർധ സെഞ്ച്വറി പിന്നിട്ട താരം 49 പന്ത് നേരിട്ട് പുറത്താകാതെ നേടിയത് 82 റൺസായിരുന്നു. ഐ.പി.എല്ലിൽ കോഹ്‍ലി 50ാം തവണയാണ് 50ന് മുകളിൽ റൺസ് നേടുന്നത്. 60 തവണ ഇത്രയും നേടിയ ഡേവിഡ് വാർണറാണ് ഒന്നാമതെങ്കിൽ ശിഖർ ധവാൻ 49 തവണയുമായി മൂന്നാമതുണ്ട്. അഞ്ചു സെഞ്ച്വറിയും 45 അർധ സെഞ്ച്വറിയുമടക്കമാണ് കോഹ്‍ലി അപുർവ നേട്ടം തൊട്ടത്. ഇത്രയും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സ്റ്റാർ ബാറ്റർ.
ഫാഫ് ഡു പ്ലസി(73)യെ കൂട്ടിയായിരുന്നു ബാംഗ്ലൂരിനായി കോഹ്ലിയുടെ പടയോട്ടം. 15ാം ഓവറിൽ പിരിയുംമുമ്പ് ഇരുവരും ചേർന്ന കൂട്ടുകെട്ട് 148 റൺസാണ് അടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത മുംബൈ, 46 പന്തിൽ 84 അടിച്ച തിലക് വർമയുടെ കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയിരുന്നു.
വലിയ ടോട്ടൽ പിന്തുടർന്ന ബാംഗ്ലൂരാകട്ടെ ഒട്ടും ദയയില്ലാതെയാണ് മുംബൈയെ അടിച്ചിട്ടത്. കോഹ്‍ലി രൗദ്രഭാവം പൂണ്ട കളി 22 പന്ത് ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. സീസണിൽ ആദ്യ മത്സരത്തിൽ വീണ മുംബൈക്കിത് ഐ.പി.എല്ലിൽ തുടർച്ചയായ 11ാം തോൽവിയാണ്.
അതേ സമയം, കോഹ്‍ലിയുടെ ബാറ്റിന്റെ ചൂട് കൂടുതൽ അറിഞ്ഞത് പരിക്കിൽ പുറത്തിരുന്ന നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയ ഇംഗ്ലീഷ് ബൗളർ ജൊഫ്ര ആർച്ചറാണെന്നതും ശ്രദ്ധേയമായി. 2020 ഐ.പി.എല്ലിനു ശേഷം പരിക്കുമൂലം ആർച്ചർ ഇതുവരെയും ഇറങ്ങിയിരുന്നില്ല. ആദ്യ പന്തിൽ റിട്ടേൺ ക്യാച്ചിന് അവസരം ലഭിച്ചെങ്കിലും കൈവിട്ട താരത്തെ തൊട്ടുടൻ ബൗണ്ടറി കടത്തിയാണ് കോഹ്‍ലി തുടങ്ങിയത്. താരത്തിനെതിരെ 17 പന്തെറിഞ്ഞ ആർച്ചർ വഴങ്ങിയത് രണ്ടു ഫോറും രണ്ടു സിക്സുമടക്കം 28 റൺസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.