ലഖ്നോ: ഐ.പി.എല്ലിൽ ഇന്നലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലഖ്നോ സൂപർ ജയന്‍റ്സും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്നത് കനത്ത വാക്പോര്. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും സൂപർ ജയന്‍റ്സിന്‍റെ മെന്‍റർ ഗൗതം ഗംഭീറും തമ്മിലായിരുന്നു വാഗ്വാദം. ഇരുവർക്കും ഇന്നലത്തെ മാച്ച് ഫീ മുഴുവനായി പിഴയിട്ടു.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് 18 റൺസിന് ജയിച്ചിരുന്നു. മത്സരം കഴിഞ്ഞ് ഇരുടീമിലെയും താരങ്ങൾ പരസ്പരം കൈകൊടുക്കുന്നതിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കനത്ത മുഖത്തോടെ ഗൗതം ഗംഭീർ കോഹ്ലിക്ക് കൈകൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. കോഹ്ലി മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും ഗംഭീർ വിടാതെയെത്തി തർക്കം തുടർന്നു. മുഖാമുഖം വന്ന് സംസാരിച്ച ഇരുവരെയും സഹതാരങ്ങൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
കോഹ്ലിയും ഗംഭീറും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്ന മത്സരത്തിൽ ആർ.സി.ബി പരാജയപ്പെട്ടിരുന്നു. അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആർ.സി.ബി ആരാധകർക്ക് നേരെ വായ് മൂടിക്കെട്ടാനുള്ള ആംഗ്യം ഗംഭീർ കാണിക്കുകയായിരുന്നു. ഇന്നലത്തെ മത്സരം വിജയിച്ചപ്പോൾ ഇതേ ആംഗ്യം കോഹ്ലിയും കാണിച്ചു. തുടർന്നാണ് പ്രശ്നം രൂക്ഷമായത്.
ഇരുവരും ഐ.പി.എൽ പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി വ്യക്തമാക്കിയാണ് സംഘാടകർ പിഴ വിധിച്ചത്. ലെവൽ 2 കുറ്റമാണ് ഇരുവരും നടത്തിയത്. കോഹ്ലിയുമായി വാഗ്വാദം നടത്തിയ ലഖ്നോയുടെ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴയിട്ടിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നോവിനെ ബാംഗ്ലൂർ ബൗളർമാർ 108 റൺസിലൊതുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.