വിരമിക്കുന്ന ഷാകിബുൽ ഹസന് കോഹ്ലിയുടെ സ്പെഷൽ സമ്മാനം; ഏറ്റെടുത്ത് നെറ്റിസൺസ് -വിഡിയോ

കാൺപുർ: സാഹചര്യങ്ങൾ അനുകൂലമായില്ലെങ്കിൽ ഇന്ത്യക്കെതിരെ കളിച്ച രണ്ടാം ടെസ്റ്റ് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബുൽ ഹസന്‍റെ വിരമിക്കൽ മത്സരമാകും. സുരക്ഷിതനായി രാജ്യം വിടാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) സൗകര്യമൊരുക്കിയാൽ മിർപുരിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാൻ ആഗ്രഹമുണ്ടെന്നും അതിന് സാധ്യമല്ലെങ്കിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് അവസാനത്തേതായിരിക്കുമെന്നും താരം തന്നെയാണ് കഴിഞ്ഞദിവസം അറിയിച്ചത്.

കാൺപുരിൽ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലും അനായാസ ജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഏഴു വിക്കറ്റിനാണ് രോഹിത് ശർമയുടെയും സംഘത്തിന്‍റെയും ജയം. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് വീരോചിതമായ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. സൂപ്പർതാരം വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചത്. മത്സരശേഷം ഷാകിബിനും സഹതാരങ്ങൾക്കും കൈകൊടുത്താണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്. പ്രസന്‍റേഷൻ ചടങ്ങിനിടെയാണ് കോഹ്ലി താരത്തിനടുത്തെത്തി സ്പെഷൽ വിരമിക്കൽ ഗിഫ്റ്റ് സമ്മാനിക്കുന്നത്.

തന്‍റെ കൈയൊപ്പുള്ള ക്രിക്കറ്റ് ബാറ്റാണ് കോഹ്ലി ഷാകിബിന് സമ്മാനിച്ചത്. താരങ്ങൾക്കിടയിലൂടെ ബാറ്റുമായി കോഹ്ലി നടന്നുവരുന്നതിന്‍റെയും ഷാകിബിന് സമ്മാനിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാറ്റു സമ്മാനിച്ചതിനു പിന്നാലെ താരത്തിന്‍റെ തോളിൽ കൈയിട്ട് കോഹ്ലി ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും വിഡിയോയിൽ കാണാനാകും. രണ്ടാം ഇന്നിങ്സിൽ 95 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ‌ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്താണ് പുറത്തായത്.

കോഹ്ലിയും (37 പന്തിൽ 29) പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്),ശുഭ്മൻ ഗില്ലുമാണു (ആറ്) പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. നേരത്തെ, ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 233 റൺസെടുത്ത് പുറത്തായി. രണ്ടു ദിവസം മഴ പൂർണമായി കൊണ്ടുപോയെങ്കിലും വിജയം ലക്ഷ്യമാക്കി ട്വന്‍റി20 ക്രിക്കറ്റ് കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 146 റൺസിൽ പുറത്താക്കാനായതാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

Tags:    
News Summary - Virat Kohli Gifts Special Retirement Memento To Shakib Al Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.