ജൊഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കെ.എൽ. രാഹുൽ നയിക്കും. വിരാട് കോഹ്ലിക്ക് പരിക്കേറ്റതിനെ തുടർന്നാണ് രാഹുൽ നായകനായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കോഹ്ലിയുടെ പകരക്കാരനായി ഹനുമ വിഹാരി ടീമിലിടം കണ്ടെത്തി. കഴിഞ്ഞ വർഷം നടന്ന സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് ശേഷം ആദ്യമായാണ് വിഹാരി ടെസ്റ്റിൽ പാഡ് അണിയുന്നത്. അതേസമയം ഡുവാൻ ഒലിവിയറും കൈൽ വെരിയന്നെയും പ്രോട്ടിയേസ് ടീമിൽ ഇടം നേടി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ചരിത്രനേട്ടത്തിനുമിടയിൽ ഒരു മത്സരത്തിന്റെ ദൂരം മാത്രം. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിയിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാം മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്ട് പാർക്കിൽ കന്നി ജയം സ്വന്തമാക്കിയ ഇന്ത്യക്ക് മുമ്പും തങ്ങൾക്ക് ജയം നൽകിയിട്ടുള്ള ജെഹാനസ്ബർഗിലെ വാണ്ടറേഴ്സിൽ ജയം ആവർത്തിക്കുകയായിരിക്കും ലക്ഷ്യം. എല്ലാം കൊണ്ടും മുൻതൂക്കം ഇന്ത്യക്കാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം എതിരാളികളെക്കാൾ ഒരുപടി മുന്നിൽ.
കാഗിസോ റബാദയും ലുൻഗി എൻഗിഡിയുമടങ്ങുന്ന പേസ് ബൗളിങ് നിര ഇന്ത്യൻ ബാറ്റർമാർക്ക് ഭീഷണിയുയർത്താൻ പോന്നതാണെങ്കിലും ബാറ്റിങ് താരതേമ്യേന ദുർബലമാണെന്നതാണ് ആതിഥേയരെ കുഴക്കുന്നത്. അതിനൊപ്പം ക്വിന്റൺ ഡികോക്കിന്റെ അപ്രതീക്ഷിത വിടവാങ്ങലും ടീമിന് തിരിച്ചടിയാണ്. കൈൽ വെരിയന്നെയാണ് ഡികോക്കിന് പകരമിറങ്ങുന്ത്. വിയാൻ മൾഡറിന് പകരം മൂന്നാം പേസറായി ഒലിവറും എത്തും.
ഓപണിങ്ങിൽ ഫോമിലുള്ള ലോകേഷ് രാഹുലും മായങ്ക് അഗർവാളും നൽകുന്ന തുടക്കമാവും ടീമിന് നിർണായകമാവുക. മധ്യനിരയിൽ ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയും മികച്ച സ്കോറുകളിലേക്ക് ബാറ്റേന്തിയിട്ടില്ലെങ്കിലും ശരാശരി പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നതാണ് ആശ്വാസം. ഈ മൂവർ സംഘവും ആറാമനായെത്തുന്ന ഋഷഭ് പന്തും തിളങ്ങിയാൽ ഇന്ത്യ കുതിക്കും.
ബൗളിങ്ങിൽ ഇന്ത്യക്ക് വേവലാതിയേ ഇല്ല. ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് പേസ് ത്രയം മികച്ച ഫോമിലാണ്. സ്പിൻ പിന്തുണയുമായി രവിചന്ദ്രൻ അശ്വിനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.