ക്രിക്കറ്റ് ലോകം ആവേശത്തോടെ താരതമ്യം ചെയ്യുന്ന രണ്ടു സൂപ്പർതാരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്ലിയും പാകിസ്താൻ നായകൻ ബാബർ അസമും. ഇവരിൽ ആരാണ് കേമൻ എന്ന മുൻ സ്പിന്നർ ഹർഭജൻ സിങ്ങിന്‍റെ ചോദ്യത്തിന് പാക് മുൻ പേസർ ശുഐബ് അക്തർ രസകരമായാണ് മറുപടി നൽകിയത്.
ഡിപ്ലോമാറ്റിക് വഴി തെരഞ്ഞെടുക്കാതെ, രണ്ടാമതൊന്ന് ആലോചിക്കാതെ ചോദ്യത്തിന് കൃത്യമായി തന്നെ അക്തർ ഉത്തരം നൽകി -ഏറ്റവും മികച്ച ബാറ്റർ കോഹ്ലി തന്നെ. നാട്ടുകാരനായ ബാബറിനെ ക്രിക്കറ്റ് ലോകത്തെ 'വരാനിരിക്കുന്ന ഏറ്റവും മികച്ച ബാറ്റർ' എന്നാണ് അക്തർ വിശേഷിപ്പിച്ചത്. ഹർഭജൻ സിങ് തന്‍റെ യൂട്യൂബ് ചാനലിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്‍റെ വിഡിയോ പങ്കുവെച്ചത്.
ക്രിക്കറ്റ് യാത്ര മുതൽ ഷോപ്പിങ് വരെയുള്ള കാര്യങ്ങളെ കുറിച്ച് അക്തറും ഹർഭജനും വിഡിയോയിൽ സംസാരിക്കുന്നുണ്ട്. വിഡിയോയുടെ അവസാനത്തിലാണ് വിരാട് കോഹ്ലിയോ ബാബർ അസമോ കേമൻ എന്ന ചോദ്യം റാവൽപിണ്ടി എക്സ്പ്രസിനു മുന്നിൽ വെക്കുന്നത്. ‘വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ചത്, ബാബർ അസം എക്കാലത്തെയും മികച്ച ബാറ്ററാകാനുള്ള ശ്രമത്തിലാണ്. ട്വന്‍റി20യിൽ കൂടുതൽ മെച്ചപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരാധകർ അദ്ദേഹത്തിന്റെ പിന്നിലുണ്ട്’ -അക്തർ പറഞ്ഞു.
‘വിരാട് കോഹ്ലി ഒരു മഹാനായ ക്രിക്കറ്ററെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. അതേസമയം, ബാബറിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അവൻ ഒരു അത്ഭുത കളിക്കാരനായതിനാൽ എന്നെങ്കിലും അവിടെ എത്തും. ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ വളരെ മികച്ചതാണ്, പക്ഷേ ട്വന്‍റി20 അദ്ദേഹത്തിന് അത്ര അനുയോജ്യമല്ലായിരിക്കാം’ -ഹർഭജൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.