ഗില്ല് പറഞ്ഞിട്ടും റിവ്യൂ എടുക്കാതെ മടങ്ങി കോഹ്ലി; റീപ്ലേയിൽ നോട്ട് ഔട്ട്; കുപിതനായി രോഹിത് -വിഡിയോ

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 81 റൺസെന്ന നിലയിലാണ്. പേസ് കുന്തമുന ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ ബംഗ്ലാദേശ് ബാറ്റർമാർ ചിതറി തെറിച്ചതോടെ ഒന്നാം ഇന്നിങ്സ് 149 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് 308 റൺസിന്‍റെ ലീഡുണ്ട്.

ഓപ്പണർ യശസ്വി ജയ്സ്വാൾ, നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. രണ്ടു ബൗണ്ടറിയടക്കം 37 പന്തിൽ 17 റൺസെടുത്ത കോഹ്ലി മെഹ്ദി ഹസൻ മിറാസിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് പുറത്തായത്. ഈസമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്നത് ശുഭ്മൻ ഗില്ലായിരുന്നു. മെഹ്ദി ഹസന്‍റെ അപ്പീൽ സ്വീകരിച്ചാണ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ ഔട്ട് വിധിച്ചത്. തന്‍റെ അടുത്തേക്ക് വന്ന കോഹ്ലിയോട് ഡി.ആർ.എസ് എടുക്കാൻ ഗിൽ നിർബന്ധിക്കുന്നുണ്ട്. എന്നാൽ, ഗില്ലുമായി സംസാരിച്ചതിനുശേഷം റിവ്യൂ എടുക്കാതെ കോഹ്ലി മടങ്ങി.

എന്നാൽ, റീപ്ലേയിൽ കോഹ്ലി ഔട്ടല്ലായിരുന്നു. ബാറ്റിന്‍റെ ഇൻസൈഡ് എഡ്ജിൽ തട്ടിയാണ് പന്ത് പാഡിൽ പതിക്കുന്നതെന്ന് റിവ്യൂവിൽ വ്യക്തമായി കാണാമായിരുന്നു. പിന്നാലെയാണ് കോഹ്ലി ഡി.ആർ.എസ് ഉപയോഗിക്കാത്തതിൽ രോഹിത് അനിഷ്ടം പ്രകടിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നാലു വിക്കറ്റ് നേടിയ ബുംറയാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 32 റൺസ് നേടിയ ഷാക്കിബുൽ ഹസനാണ് സന്ദർശകരുടെ ടോപ് സ്കോറർ.

നജ്മുൽ ഹൊസൈൻ ഷാന്‍റോ (20), ലിട്ടൺ ദാസ് (22), മെഹ്ദി ഹസൻ (27), ടസ്കിൻ അഹ്മദ് (11), നഹീദ് റാണ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജദേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം ആറിന് 339 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ ജദേജയുടെയും സെഞ്ചറി നേടിയ ആർ. അശ്വിന്‍റെയും വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായി.

ജദേജ 86 റൺസും അശ്വിൻ 113 റൺസുമാണ് നേടിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 199 റൺസിന്‍റെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായി. ആകാശ് ദീപ് 17 റൺസ് നേടി. ഏഴ് റൺസ് നേടിയ ബുംറ കൂടി വീണതോടെ ഒന്നാം ഇന്നിങ്സ് 376ൽ അവസാനിക്കുകയായിരുന്നു.

Tags:    
News Summary - Virat Kohli refuses to take DRS despite inside edge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.