വിരാട് കോഹ്‌ലി

റൺമല താണ്ടി വിരാട് കോഹ്‌ലി; റെക്കോഡ് നേട്ടത്തിൽ പിന്നിലായത് ക്രിക്കറ്റ് ഇതിഹാസം

കാൺപുർ: ‘റൺ മെഷീനെ’ന്ന വിളിപ്പേരിനെ അന്വർഥമാക്കുന്ന കരിയർ റെക്കോഡാണ് സൂപ്പർ താരം വിരാട് കോഹ്‌ലിയുടേത്. ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിലേക്ക് മാറ്റിയെഴുതുന്ന താരം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പുതിയ നാഴികക്കല്ലു പിന്നിട്ടു. രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് പിന്നിടുന്ന നാലാമത്തെ മാത്രം താരമെന്ന റെക്കോഡാണ് തിങ്കളാഴ്ച കോഹ്‌ലി പിന്നിട്ടത്. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽനിന്ന് 27,000 റൺസ് പിന്നിടുന്ന താരമെന്ന നേട്ടവും ഇതോടൊപ്പം കോഹ്‌ലി സ്വന്തമാക്കി.

ഇതിഹാസ താരം സചിൻ തെൻഡുൽക്കറുടെ റെക്കോഡാണ് കോഹ്‌ലി ഭേദിച്ചത്. സചിൻ 623 ഇന്നിങ്സിൽനിന്ന് 27,000 റൺസ് കണ്ടെത്തിയപ്പോൾ, കോഹ്‌ലിക്ക് വേണ്ടിവന്നത് 594 ഇന്നിങ്സുകൾ മാത്രമാണ്. 600 ഇന്നിങ്സ് ആകുന്നതിനു മുമ്പാണ് നേട്ടമെന്നത് റെക്കോഡിന്‍റെ മാറ്റു കൂട്ടുന്നു. സചിനും കോഹ്‌ലിക്കും പുറമെ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, ലങ്കൻ ഇതിഹാസം കുമാർ സംഗക്കാര എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺസ് പിന്നിട്ട മറ്റ് താരങ്ങൾ. പോണ്ടിങ് 650 ഇന്നിങ്സും സംഗക്കാര 648 ഇന്നിങ്സും കളിച്ചാണ് ഈ നാഴികക്കല്ല് താണ്ടിയത്.

അതേസമയം കാൺപുർ ടെസ്റ്റിൽ അതിവേഗ ബാറ്റിങ്ങുമായി കളംനിറഞ്ഞ ഇന്ത്യൻ സംഘം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ടെസ്റ്റിലെ ഒരു ടീമിന്‍റെ അതിവേഗ 50,100, 150, 200, 250 എന്നിവയിലെല്ലാമുള്ള റെക്കോഡ് ഇന്ത്യൻ ബാറ്റർമാർക്കു മുന്നിൽ തകർന്നുവീണു. മൂന്നോവറിൽ 50 പിന്നിട്ടതോടെ ഇക്കാര്യത്തിൽ ബാസ്ബോൾ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. സ്കോർ 55ൽ നിൽക്കേ ക്യാപ്റ്റൻ രോഹിത് ശർമ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലിനൊപ്പം യശസ്വി ജയ്സ്വാൾ തകർപ്പനടികൾ തുടർന്നുകൊണ്ടിരുന്നു. 10.1 ഓവറിൽ സ്കോർ 100 പിന്നിട്ടു. കഴിഞ്ഞ വർഷ ഇന്ത്യ തന്നെ വെസ്റ്റിൻഡീസിനെതിരെ കുറിച്ച റെക്കോഡാണ് തിരുത്തിയത്.

ജയ്സ്വാളും (72) ഗില്ലും (39) പിന്നാലെ ഋഷഭ് പന്തും (9) മടങ്ങിയതോടെ സൂപ്പർ താരം വിരാട് കോലിയും (47) കെ.എൽ. രാഹുലും (68) ആക്രണത്തിന്‍റെ ചുമതല ഏറ്റെടുത്തു. 18.2 ഓവറിൽ 150, 24.2 ഓവറിൽ 200 റൺസും ടീം പിന്നിട്ടു. 31-ാമത്തെ ഓവറിൽ 250 പിന്നിട്ട് ഇതിലും റെക്കോഡ് എഴുതിച്ചേർത്തു. ടെസ്റ്റിൽ 100 റൺസിനു മുകളിൽ എട്ടിനു മുകളിൽ റൺറേറ്റിൽ സ്കോർ ചെയ്യുന്ന ആദ്യ ടീമാണ് ഇന്ത്യ. 8.22 റൺറേറ്റിലാണ് ഇന്ത്യ 285 റൺസ് അടിച്ചെടുത്തത്.

ഇന്നിങ്സ് ഡിക്ലയർ ചെയ്തതിനു പിന്നാലെ നാലാം ദിനം അവസാന സെഷനിൽ സന്ദർശകരുടെ രണ്ട് വിക്കറ്റും ഇന്ത്യൻ ബോളർമാർ പിഴുതു. ഓപണർ സാകിർ ഹസൻ, നൈറ്റ് വാച്ച്മാൻ ഹസൻ മഹ്മൂദ് എന്നിവരാണ് പുറത്തായത്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന്‍റെ 26 റൺസ് പിന്നിലാണ് ബംഗ്ലാദേശ്. അവസാന ദിനമായ ചൊവ്വാഴ്ച ബംഗ്ലാദേശിനെ വേഗത്തിൽ പുറത്താക്കാനാവും ഇന്ത്യൻ ബൗളർമാരുടെ ശ്രമം. സന്ദർശകരെ ചെറിയ സ്കോറിൽ ഒതുക്കിയാൽ ജയം സ്വന്തമാക്കാനാവുമെന്നാണ് രോഹിത്തും സംഘവും കണക്കുകൂട്ടുന്നത്.

Tags:    
News Summary - Virat Kohli Shatters Sachin Tendulkar's Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.