മുംബൈയിൽ റസ്റ്ററന്റുമായി വിരാട് കോഹ്‌ലി; രുചി വൈവിധ്യങ്ങൾ ഒരുക്കുന്നത് കിഷോർ കുമാറിന്റെ ബംഗ്ലാവിൽ

മുംബൈ: മുംബൈയിൽ പുത്തൻ രുചിക്കൂട്ടുകളൊരുക്കാൻ റസ്റ്ററന്റുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അന്തരിച്ച നടനും ഇതിഹാസ ഗായകനുമായ കിഷോർ കുമാറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ജുഹുവിലെ 'ഗൗരി കുഞ്ച്' എന്ന ബംഗ്ലാവിന്റെ ഒരു ഭാഗം ഇതിനായി കോഹ്‌ലി ഏറ്റെടുത്തു. അഞ്ച് വർഷത്തേക്ക് പാട്ടത്തിനെടുത്താണ് താരം സ്ഥാപനം തുടങ്ങുന്നത്. ഇത് തുറക്കാൻ സജ്ജമാണെന്നാണ് വിവരം.

'വൺ 8 കമ്യൂൺ' ബിസിനസ് ശൃംഖലയുടെ ഉടമയാണ് കോഹ്‌ലി. അദ്ദേഹത്തിന്റെ ജഴ്‌സി നമ്പർ '18'നെ സൂചിപ്പിക്കുന്നതാണിത്. 'വൺ 8 കമ്യൂൺ' ഇൻസ്റ്റഗ്രാം പേജിൽ 'ജുഹു, മുംബൈ കമിങ് സൂൺ' എന്ന് കുറിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലിയുടെ ജന്മനാടായ ഡൽഹിയിലും കൊൽക്കത്തയിലും പുണെയിലും ശൃംഖലക്ക് ബാർ അടങ്ങിയ റസ്റ്ററന്റുകളുണ്ട്. 'വൺ 8' ബ്രാൻഡിന് കീഴിൽ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂകൾ തുടങ്ങിയവയും ഇറങ്ങുന്നുണ്ട്. വസ്ത്ര, അനുബന്ധ ബ്രാൻഡായ 'റോണി'ലും അദ്ദേഹം നിക്ഷേപം ഇറക്കിയിട്ടുണ്ട്.

ജുഹു സ്‌പെയ്‌സിൽ മുമ്പ് 'ബി മുംബൈ' എന്ന പേരിൽ ഒരു റസ്റ്ററന്റ് ഉണ്ടായിരുന്നു. ഇതിപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നിയമവിരുദ്ധമായ നിർമാണങ്ങളുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് മുംബൈ മുനിസിപ്പൽ കോർപറേഷൻ സ്ഥാപനത്തിന് നോട്ടീസ് നൽകിയത് വാർത്തയായിരുന്നു. ഒരു ഭാഗം പൊളിച്ചാണ് റസ്റ്ററന്റ് ഉടമകൾ അത് പരിഹരിച്ചത്.

ഗൗരികുഞ്ചുമായി കിഷോർ കുമാറിന് വൈകാരിക ബന്ധം ഉണ്ടായിരുന്നു. അവിടെയുള്ള മരങ്ങൾക്ക് അദ്ദേഹം പ്രത്യേക പേരുകൾ നൽകിയിരുന്നു. കിഷോറിന്റെ വിന്റേജ് കാറുകളുടെ ശേഖരവും ഇവിടെയായിരുന്നു. ഗായകൻ കൂടിയായ അദ്ദേഹത്തിന്റെ മകൻ അമിത് കുമാറും മറ്റ് കുടുംബാംഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.

Tags:    
News Summary - Virat Kohli with restaurant in Mumbai; Variety of flavors are prepared at Kishore Kumar's bungalow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.