‘കോഹ്‌ലിയെ കാണണം’; 58 കിലോമീറ്റർ സൈക്കിൾ ചവിട്ടി കാൺപുരിലെത്തി 15കാരൻ, വിഡിയോ വൈറൽ

കാൺപുർ: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. താരങ്ങളുടെ പ്രകടനത്തോടൊപ്പം കളി കാണാനെത്തിയ ‘കുഞ്ഞ്’ ആരാധകന്‍റെ വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഉത്തർപ്രദേശിലെ ഉന്നാവിൽനിന്ന് കാൺപുരിലേക്ക് 58 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തിയ 15കാരൻ കാർത്തികേയ് ആണ് ഇപ്പോൾ വാർത്തകളിലെ താരം. വീട്ടുകാർ തന്‍റെ യാത്രക്ക് പിന്തുണ നൽകിയെന്ന് ഈ പത്താം ക്ലാസുകാരൻ പറയുന്നു.

സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ കാർത്തികേയ്, അദ്ദേഹത്തിന്‍റെ കളി നേരിൽ കാണാനായാണ് ഏഴ് മണിക്കൂർ സൈക്കിൾ ചവിട്ടി ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ എത്തിയത്. വെളുപ്പിന് നാല് മണിക്ക് വീട്ടിൽനിന്ന് ഇറങ്ങിയ കാർത്തികേയ് 11 മണിയോടെയാണ് കാൺപുരിലെത്തിയത്. എന്നാൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്‌ലിയുടെ കളി കാണാൻ കുഞ്ഞ് ആരാധകന് സാധിച്ചില്ല.

കാൺപുർ ടെസ്റ്റിന്‍റെ ആദ്യദിനം മഴയിൽ മുങ്ങിയതോടെ 35 ഓവർ മാത്രമാണ് മത്സരം നടന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 40 റൺസുമായി മോമിനുൽ ഹഖും ആറ് റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ. രണ്ടാം ദിനം മഴ തുടരുന്ന സാഹചര്യത്തിൽ ഇതുവരെ മത്സരം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കളി ജയിച്ച് പരമ്പര നേടുന്നതിനൊപ്പം, ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്‍റ് ടേബിളിൽ മുന്നേറുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.

30 റൺസ് കണ്ടെത്തുന്നതിനിടെ ബംഗ്ലാദേശിന് ഓപണർമാരെ നഷ്ടമായി. 24 പന്തുകൾ നേരിട്ട സാകിർ ഹസൻ സംപൂജ്യനായി മടങ്ങിയപ്പോൾ, 24 റൺസാണ് ഷദ്മൻ ഇസ്ലാമിന്‍റെ സമ്പാദ്യം. ഇരുവരെയും ആകാശ് ദീപാണ് കൂടാരം കയറ്റിയത്. സ്കോർ 80ൽ നിൽക്കേ 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്‍റോ അശ്വിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞെങ്കിലും വിക്കറ്റുകൾ നേടാനായില്ല.

Tags:    
News Summary - Virat Kohli's 15-year-old fan travels 58 km on cycle to watch his star in Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.