ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ടീം നായകൻ വിരാട് കോഹ്ലിയും ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ലിയേഴ്സും തമ്മിലുള്ള ബന്ധം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. വെള്ളിയാഴ്ചയാണ് കുട്ടിക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ ഡിവില്ലിയേഴ്സ് എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചത്. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജഴ്സിയിൽ എ.ബി.ഡി ഇനിയില്ലെന്ന യാഥാർഥ്യമറിഞ്ഞയുടൻ സോഷ്യൽ മീഡിയയിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കോഹ്ലി.
'എന്നെ ഏറ്റവും പ്രചോദിപ്പിച്ച ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരന്, സഹോദരാ ആർ.സി.ബിക്കായി നിങ്ങൾ ചെയ്ത കാര്യങ്ങളിലും അഭിമാനിക്കാം. ഞങ്ങളുടെ ബന്ധം കളിക്കുമപ്പുറമാണ് അത് എന്നും അങ്ങനെ ആയിരിക്കും. ഇത് എന്നെ വേദനിപ്പിക്കുന്നു. പക്ഷേ എപ്പോഴും ചെയ്യുന്നതുപോലെ ഇത് നിങ്ങൾക്കും കുടുംബത്തിനും വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന് എനിക്കറിയാം. ഐ ലവ് യൂ ഡിവില്ലിയേഴ്സ്' -കോഹ്ലി ട്വിറ്ററിൽ എഴുതി.
2011 സീസൺ മുതൽ ഡിവില്ലിയേഴ്സ് ആർ.സി.ബിയുടെ ഭാഗമാണ്. 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചെങ്കിലും 2019 ഏകദിന ലോകകപ്പിന് മുമ്പ് തിരിച്ചുവരവ് നടത്തുമെന്ന് സൂചന തന്നെങ്കിലും നടന്നില്ല.
ആർ.സി.ബിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൺവേട്ടക്കാരനാണ് ദക്ഷിണാഫ്രിക്കക്കാരൻ. 145 ഇന്നിങ്സുകളിൽ നിന്നായി 41 റൺസ് ശരാശരിയിൽ 4522 റൺസാണ് എ.ബി.ഡി അടിച്ചുകൂട്ടിയത്. 6707 റൺസുമായി കോഹ്ലിയാണ് ഒന്നാമത്.
ഈ സീസണിൽ കോഹ്ലി ആർ.സി.ബിയുടെ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. മെഗാ താരലേലത്തിൽ കോഹ്ലിയെ ടീം നിലനിർത്തുമെങ്കിലും എ.ബി.ഡിയുടെ വിടവ് നികത്തപ്പെടാതെ കിടക്കും. മധ്യനിരയിൽ എ.ബി.ഡിക്ക് പകരക്കാരനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാകും മെഗാതാരലേലത്തിൽ ആർ.സി.ബി മാനേജ്മെന്റിന് മുന്നിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.