വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 214 റൺസ് ലീഡുമായി ഇന്ത്യ മികച്ച നിലയിലാണ്. വിൻഡീസിനെ 150 റൺസിനൊതുക്കിയ ഇന്ത്യൻ പട നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 364 എന്ന നിലയിലാണ്. 53 റൺസുമായി വിരാട് കോഹ്‍ലിയും 10 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിലുള്ളത്.
157 പന്തുകളിലായിരുന്നു കോഹ്‍ലിയുടെ 53 റൺസ്. രണ്ട് ബൗണ്ടറികൾ മാത്രമാണ് താരം ഇന്ന് അടിച്ചത്. അതിൽ തന്നെ ആദ്യ ബൗണ്ടറി പിറന്നതാകട്ടെ 81-ാമത്തെ പന്തിലും. ജോമൽ വാരിക്കാന്റെ പന്തിൽ ഫോറടിച്ചതിന് പിന്നാലെ കോഹ്‍ലി കൈയ്യുയർത്തി ആഘോഷിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോഹ്‍ലിയുടെ സ്കോർ 29-ൽ നിൽക്കെയായിരുന്നു ബൗണ്ടറി പിറന്നത്. യശസ്വി ജയ്സ്വാളായിരുന്നു കൂടെയുണ്ടായിരുന്നത്.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് കോഹ്‍ലി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതെത്തിയിരിക്കുകയാണ് താരം. ഒന്നാമിന്നിങ്സിൽ പുറത്താകാതെ നിൽക്കുന്ന കോഹ്ലി സാക്ഷാൽ വീരേന്ദർ സെവാഗിനെ മറികടന്നാണ് അഞ്ചാമതെത്തിയത്.
103 ടെസ്റ്റിൽ 23 സെഞ്ച്വറികളും 31അർധശതകങ്ങളുമടക്കം 49.43 ശരാശരിയിൽ 8503 റൺസാണ് സെവാഗിന്റെ സമ്പാദ്യം. തന്റെ 110-ാം ടെസ്റ്റ് കളിക്കുന്ന കോഹ്‍ലിയുടെ അക്കൗണ്ടിൽ 28 വീതം സെഞ്ച്വറിയും അർധശതകങ്ങളുമടക്കം 48.93 ശരാശരിയിൽ 8515 റൺസാണ് ഇപ്പോഴുള്ളത്. ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കറാണ് 200 ടെസ്റ്റിൽ 51 സെഞ്ച്വറിയും 68 അർധശതകങ്ങളുമടക്കം 53.78 ശരാശരിയിൽ 15, 921 റൺസുമായി ഒന്നാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.