ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തോഷാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും സുഹൃത്തുമായ അനിരുദ്ധ ചൗധരിക്ക് വോട്ടു തേടിയാണ് സെവാഗ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത്.
കോൺഗ്രസ് സ്ഥാനാർഥിക്കായി വേദിയിൽ മൈക്കിലൂടെ വോട്ടു ചോദിക്കുന്ന സെവാഗിന്‍റെ വിഡിയോ വൈറലാണ്. നേരത്തെ, ചൗധരിയെ പിന്തുണക്കുന്ന പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത് വലിയ ചർച്ചയായിരുന്നു. ബി.ജെ.പി നിലപാടുകളോട് അടുപ്പം പുലർത്തിപ്പോന്ന വെടിക്കെട്ട് ബാറ്റർ പൊടുന്നനെ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് രംഗത്തുവന്നത് ബി.ജെ.പി കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.
അനിരുദ്ധ് ചൗധരിയുമായുള്ള അടുപ്പം തുറന്നുപറഞ്ഞ താരം, മുൻ ബി.സി.സി.ഐ പ്രസിഡന്‍റും ചൗധരിയുടെ പിതാവുമായ റൺബീർ സിങ് മഹേന്ദ്രയുമായി തനിക്കുള്ള ബന്ധം കൂടി വിശദീകരിച്ചാണ് വോട്ടഭ്യർഥിക്കുന്നത്. ‘അനിരുദ്ധ് ചൗധരി എന്റെ മൂത്ത സഹോദരനെ പോലെയാണ്. ബി.സി.സി.ഐ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പിതാവ് രൺബീർ സിങ് മഹേന്ദ്ര എനിക്ക് വലിയ പിന്തുണ നൽകിയ ആളാണ്. ചൗധരിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇത്. ഈ ഘട്ടത്തിൽ അദ്ദേഹത്തെ സഹായിക്കേണ്ടത് എന്റെ കടമയാണ്. അനിരുദ്ധ് ചൗധരിയെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്നാണ് തോഷാമിലെ ജനങ്ങളോട് എന്റെ അഭ്യർഥന’ -സെവാഗ് പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ബി.ജെ.പി സെവാഗിനെ ക്ഷണിച്ചിരുന്നു. രാജ്യത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരം അന്ന് ആ ഓഫർ നിരസിക്കുകയായിരുന്നു. പിന്നീട് ബി.ജെ.പി നിലപാടുകളെ പരസ്യമായി പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്ന സെവാഗിനെ ബി.ജെ.പി അനുകൂലിയായാണ് എല്ലാവരും കണക്കാക്കിയിരുന്നതും. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് സ്റ്റോറി പോസ്റ്റ് ചെയ്ത് സെവാഗ് രംഗത്തെത്തിയത് ബി.ജെ.പി വിരുദ്ധർ ആഘോഷമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്ന് അനിരുദ്ധ് ചൗധരിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ ട്രഷറർ കൂടിയായ അനിരുദ്ധ് ചൗധരി മുൻ മുഖ്യമന്ത്രി ബൻസി ലാലിന്റെ പേരമകനാണ്. അനിരുദ്ധിന്റെ പിതൃസഹോദര പുത്രിയായ ശ്രുതിയെയാണ് തോഷാം മണ്ഡലത്തിൽ അദ്ദേഹത്തിന്റെ എതിരാളിയായി ബി.ജെ.പി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമർശിച്ച് സെവാഗ് ‘എക്സി’ൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് അത് ഡിലീറ്റ് ചെയ്തു. ലോക്സഭയിൽ ബി.ജെ.പി 240 സീറ്റിൽ ഒതുങ്ങിയതിന്റെ ഫലമാണിതെന്നും നട്ടെല്ല് പതിയെ തിരിച്ചുവരുന്നുവെന്നും റോഷൻ റായ് എന്നയാൾ എക്സിൽ കുറിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് സെവാഗ് സ്റ്റോറി ഇട്ടത് നിരവധി പേരാണ് എക്സിൽ പങ്കുവെച്ചത്.
നേരത്തേ, പൊതുമേഖലാ ബാങ്കുകളുടെ കരുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു നരേന്ദ്ര മോദിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സെവാഗ് എതിരഭിപ്രായം ഉന്നയിച്ചത്. വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.