ആസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ശ്രദ്ധ നേടിയ ഇന്ത്യൻ ബൗളറാണ് നടരാജൻ. തമിഴ്നാട്ടുകാരനായ ഈ ഇടൈങ്കയ്യൻ ഫാസ്റ്റ് ബൗളറുടെ പ്രകടനം കൂടിചേർന്നതോടെയാണ് ഇന്ത്യ ഓസീസിനെതിരെ പരമ്പര നേടിയത്.
അരങ്ങേറ്റ ഏകദിന മത്സരത്തിൽ രണ്ടു വിക്കറ്റും ആദ്യ ട്വൻറി20യിൽ നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകളും രണ്ടാം മത്സരത്തിൽ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളും നടരാജൻ നേടി.
ഇന്ത്യയുടെ പ്രതീക്ഷയായി മാറിയ ഈ താരത്തിന്, മറ്റൊരു പേസറായ ജസ്പ്രീത് ബുംറയുമായി എന്തെങ്കിലും സാമ്യതയുണ്ടോ? ആക്ഷനിലോ, സ്റ്റൈലിലോ യാതൊരു സാമ്യതയും കാണില്ല. എന്നാൽ, ചില കണക്കുകളിൽ ഇരുവരും സാമ്യതകളുണ്ട്. മറ്റാർക്കും അത്രപെട്ടെന്ന് പിടികിട്ടാത്ത ആ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗാണ്.
സെവാഗ് ചൂണ്ടിക്കാട്ടിയ സാമ്യതകൾ:
- ആസ്‌ട്രേലിയക്കെതിരെ ആസ്‌ട്രേലിയയിലാണ് ജസ്പ്രീത് ബുംറയും ടി നടരാജനും ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലും ട്വൻറി20യിലും അരങ്ങേറ്റം കുറിച്ചത്.
- പകരക്കാരായാണ് ഇരുവരും പ്ലേയിങ് ഇലവനിൽ അവസരം നേടിയത്. 2015-16 ൽ നടന്ന പരമ്പരയിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ജസ്പ്രീത് ബുംറയ്ക്ക് അവസരം ലഭിച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് നടരാജൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്.
- ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇരുവരും അരങ്ങേറ്റം കുറിച്ച ആ മത്സരങ്ങളിൽ മാത്രമാണ് ആ പരമ്പരയിൽ ഇന്ത്യ വിജയിച്ചത്!
- ഏകദിന അരങ്ങേറ്റത്തിൽ ഇരുവരും രണ്ട് വിക്കറ്റുകൾ വീതമാണ് നേടിയത്.
- ട്വൻറി20 അരങ്ങേറ്റത്തിലും ഇരുവരും മൂന്ന് വിക്കറ്റുകൾ വീതമാണ് നേടിയത്. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ ബുംറ 23 റൺസ് വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയതെങ്കിൽ കാൻബറയിൽ നടന്ന മത്സരത്തിൽ നടരാജൻ 30 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.