ഏകദിന ലോകകപ്പിൽ ടീം ഇന്ത്യ ‘ഭാരത്’ എന്നെഴുതിയ ജഴ്സി ധരിക്കണമെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഇക്കാര്യം ബി.സി.സി.ഐ പരിഗണിക്കണമെന്നും 2011 ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ അംഗമായ സെവാഗ് ആവശ്യപ്പെട്ടു. ഭാരത് എന്ന പേര് ഔദ്യോഗികമായി പുനഃസ്ഥാപിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
‘നമ്മിൽ അഭിമാനം നിറക്കുന്ന പേരായിരിക്കണമെന്നു ഞാന്‍ എന്നും വിശ്വസിച്ചിരുന്നു. നമ്മളെല്ലാം ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, ഭാരത് എന്ന നമ്മുടെ യഥാർഥ പേരിലേക്കു മടങ്ങിപ്പോകുന്നത് വൈകിയിരിക്കുന്നു. ഈ ലോകകപ്പിൽ കളിക്കാരുടെ നെഞ്ചിൽ ഭാരതം എന്ന പേര് ഉറപ്പാക്കാൻ ഞാൻ ബി.സി.സി.ഐയോടും ജയ് ഷായോടും അഭ്യർഥിക്കുന്നു’ -സെവാഗ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇക്കാലയളവിൽ മറ്റു പല രാഷ്ട്രങ്ങളും പഴയ പേരുകളിലേക്കു തിരികെപ്പോയിട്ടുണ്ടെന്ന് സെവാഗ് പറയുന്നു. 1996ൽ നെതർലൻഡ്സ് ലോകകപ്പ് കളിക്കാനെത്തിയത് ഹോളണ്ട് എന്ന പേരിലാണ്. 2003ൽ നമ്മൾ അവരെ നേരിട്ടപ്പോൾ അവർ നെതര്‍ലൻഡ്സായിരുന്നു, അത് ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ ബർമ എന്ന പേരിൽനിന്നു മ്യാൻമർ പഴയ പേരിലേക്കു മടങ്ങി. മറ്റുപലരും ഇങ്ങനെ ശരിയായ പേരിലേക്ക് മടങ്ങിയിട്ടുണ്ടെന്നും സെവാഗ് വ്യക്തമാക്കി.
ഈമാസം വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേരുമാറ്റത്തിനുള്ള ബിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് സെവാഗിന്‍റെ പ്രതികരണം. പേര് മാറ്റാനുള്ള നിയമനിർമാണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവരുമെന്ന വാർത്ത ബി.ജെ.പി തള്ളിക്കളഞ്ഞില്ല. അതേസമയം, ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.
ജി 20 ഉച്ചകോടിയുടെ ആദ്യദിവസമായ ഈ മാസം ഒമ്പതിന് രാഷ്ട്രപതിഭവനിൽ ഒരുക്കുന്ന അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ചേർത്തത്. രാഷ്ട്രപതിയുടെയും സർക്കാറിന്റെയും നീക്കത്തെ വിമർശിച്ച പ്രതിപക്ഷം വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാൻ പ്രതിപക്ഷം രൂപവത്കരിച്ച മുന്നണിക്ക് ‘ഇൻഡ്യ’ എന്ന് പേരിട്ടത് മുതൽ തുടങ്ങിയ ‘ഇൻഡ്യ’യെ പേടിയാണിതെന്ന് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.