'ചെയ്തത് ശരിയായില്ല, കുട്ടികൾ കാണുന്നുണ്ടെന്ന ഓർമ വേണം'; തമ്മിൽ തല്ലിയ ഗംഭീറിനും കോഹ്ലിക്കും ഉപദേശവുമായി സെവാഗ്

ഐ.പി.എല്ലിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾക്കാണ് കഴിഞ്ഞ തിങ്കളാഴ്ച നടന്ന ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം സാക്ഷ്യംവഹിച്ചത്. ബാംഗ്ലൂരിന്‍റെ സൂപ്പർ താരം വിരാട് കോഹ്‍ലിയും ലഖ്‌നോയുടെ മെന്‍റർ ഗൗതം ഗംഭീറും മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടുകയായിരുന്നു. ക്രിക്കറ്റിന് തന്നെ നാണക്കേടായ സംഭവത്തിൽ ഇരുവർക്കും മുഴുവൻ മാച്ച് ഫീയും പിഴയിടുകയും ചെയ്തു.

'മാന്യന്മാരുടെ കളി' എന്ന വിശേഷണം കൂടിയുള്ള ക്രിക്കറ്റിന് കളങ്കം ചാർത്തുന്നതാണ് മുതിർന്ന താരങ്ങളുടെ പെരുമാറ്റമെന്നാണ് വ്യാപക വിമർശനം. കൂറ്റനടികൾക്ക് പേരുകേട്ടയാളാണെങ്കിലും ക്രിക്കറ്റിലെ മാന്യന്മാരിലൊരാളായി അറിയപ്പെടുന്ന മുൻ സൂപ്പർ താരം വീരേന്ദ്രർ സെവാഗ് ഗംഭീറിനും കോഹ്ലിക്കും ഉപദേശവുമായി എത്തിയിരിക്കുകയാണ്. തോൽക്കുന്ന ടീം തോൽവി അംഗീകരിക്കണമെന്നും, ജയിക്കുന്ന ടീം അവരുടെ ആഘോഷം തുടരട്ടെയെന്നുമാണ് സെവാഗിന് പറയാനുള്ളത്. അന്ന് രാത്രിയിൽ മത്സരശേഷം നടന്ന സംഭവങ്ങളെ കുറിച്ച് സെവാഗ് പറയുന്നത് ഇങ്ങനെ -




 

'മത്സരം കഴിഞ്ഞതും ഞാൻ ടി.വി ഓഫ് ചെയ്തിരുന്നു. അതുകൊണ്ട് പിന്നീട് നടന്ന സംഭവങ്ങളൊന്നും ഞാൻ അറിഞ്ഞില്ല. പിറ്റേന്ന് എണീറ്റപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ നിറയെ ഇന്നലത്തെ കാര്യം ചർച്ചയായത് ശ്രദ്ധിച്ചത്. നടന്ന കാര്യങ്ങൾ ശരിയായില്ലെന്നാണ് എന്‍റെ അഭിപ്രായം. മത്സരത്തിൽ പരാജയപ്പെടുന്നവർ ശാന്തരായി തോൽവി അംഗീകരിച്ച് നീങ്ങണം. ജയിക്കുന്ന ടീം ആഘോഷങ്ങൾ നടത്തട്ടെ. അതിനിടയിൽ എന്തിനാണ് പരസ്പരം എന്തെങ്കിലുമൊക്കെ പറയുന്നത്? ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ഈ താരങ്ങൾ രാജ്യത്തിന്‍റെ ഐക്കണുകളാണ്. ദശലക്ഷക്കണക്കിന് കുട്ടികളാണ് അവരെ കണ്ടുകൊണ്ടിരിക്കുന്നത്. താരങ്ങൾ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ എന്‍റെ താരം അതുപോലെ ചെയ്തല്ലോ എനിക്കും ചെയ്യാം എന്ന് കുട്ടികൾ കരുതും. ഇക്കാര്യം എല്ലാവരും മനസിൽ സൂക്ഷിച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം'.

ബി.സി.സി.ഐ ഇത്തരം സംഭവങ്ങളിൽ വിലക്ക് ഉൾപ്പെടെ കർശന നടപടി കൈക്കൊണ്ടാൽ ഭാവിയിൽ ഇവ സംഭവിക്കുന്നത് ഒഴിവാക്കാമെന്നും സെവാഗ് പറയുന്നു.  


എന്തിനായിരുന്നു കോഹ്‍ലിയും ലഖ്നോ താരങ്ങളും തമ്മിൽ ‘ഏറ്റുമുട്ടൽ’?

ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയും ശേഷവും ആരാധകർ സാക്ഷിയായത് നാടകീയ രംഗങ്ങൾക്ക്. ഒരു വശത്ത് ഗ്രൗണ്ടിൽ അമിതാവേശം കാണിക്കുന്ന സൂപ്പർ താരം വിരാട് കോഹ്‍ലിയാണെങ്കിൽ മറുവശത്ത് ലഖ്നോ മെന്റർ ഗൗതം ഗംഭീർ, താരങ്ങളായ നവീനുൽ ഹഖ്, അമിത് മിശ്ര എന്നിവരായിരുന്നു. സംഭവത്തെ തുടർന്ന് വിരാട് കോഹ്‍ലിക്കും ഗൗതം ഗംഭീറിനും നവീനുല്‍ ഹഖിനും അച്ചടക്ക സമിതിയുടെ പിഴയും വന്നു. കോഹ്‍ലിയും ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും ലഖ്‌നോവിന്റെ അഫ്ഗാന്‍ താരം നവീനുൽ ഹഖിന് 50 ശതമാനവുമാണ് പിഴ. ഐ.പി.എല്‍ ചട്ടം ലംഘിച്ചുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിനിടെ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് താരങ്ങളായ നവീനുൽ ഹഖും അമിത് മിശ്രയും ക്രീസില്‍ നില്‍ക്കുമ്പോൾ കോഹ്‍ലി ഇരുവരെയും പ്രകോപിപ്പിച്ചിരുന്നു. ലഖ്നോ ഇന്നിങ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീന് സമീപത്തേക്ക് രോഷത്തോടെ എത്തിയ കോഹ്‍ലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി എന്തോ പറയുന്നുണ്ട്. പിന്നീട് അമ്പയറും നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോഹ്‍ലിയെ തടയാന്‍ ശ്രമിക്കുന്നതും കാണാം. അമിത് മിശ്രയോടും കോഹ്‍ലി തട്ടിക്കയറുകയും മിശ്ര രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് താരങ്ങളെ മാറ്റിയത്. ഇതിന്റെ തുടർച്ച മത്സരം കഴിഞ്ഞപ്പോഴും കാണാനായി.

മത്സരശേഷവും കോഹ്‍ലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോഹ്‍ലി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇതോടെ നവീനും രൂക്ഷമായി പ്രതികരിച്ചു. ബംഗളൂരുവിന്റെ മറ്റു താരങ്ങളെത്തി നവീനെ അനുനയിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

ശേഷം ലഖ്‌നോ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും കോഹ്‍ലിയും സംസാരിക്കുന്നതിനിടെ നവീനെ രാഹുല്‍ അടുത്തേക്ക് വിളിച്ചപ്പോൾ നവീന്‍ അടുത്തേക്ക് പോകാതെ ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതിന്റെയും രാഹുലും കോഹ്‍ലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്നതിന്റെയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ലഖ്നോ താരം കെയ്ല്‍ മയേഴ്സ് കോഹ്‍ലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നോ മെന്‍ററായ ഗൗതം ഗംഭീര്‍ മയേഴ്സിനെ കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് കോഹ്‍ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തു. മുമ്പ് ആർ.സി.ബി ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് വായ് മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു. ലഖ്നോവിലെ സ്റ്റേഡിയത്തിൽ അതേ രീതിയിലുള്ള ആംഗ്യം കാണിച്ചായിരുന്നു കോഹ്‍ലിയുടെ മറുപടി. ഇതാണ് മത്സരശേഷം ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമെന്നാണ് കരുതുന്നത്.

മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുൽ അടക്കമുള്ള താരങ്ങൾ ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഗ്രൗണ്ടില്‍ നടന്ന വാക്കേറ്റത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും കോഹ്‍ലിയുടെ പ്രതികരണം ഉണ്ടായി. റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാർകസ് ഒറേലിയസിന്‍റെ പ്രശസ്ത വാചകങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറി. 'നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകള്‍ ആവണമെന്നില്ല, കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്, സത്യമാവണമെന്നില്ല' എന്നായിരുന്നു പ്രതികരണം.

ബാംഗ്ലൂര്‍ ഡ്രസ്സിങ് റൂമില്‍ വെച്ച് ചിത്രീകരിച്ച വിഡിയോയിലും കോഹ്‍ലി പ്രതികരണവുമായി എത്തിയിരുന്നു. കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോഹ്‍ലി ആർ.സി.ബി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. ഡ്രസ്സിങ് റൂമിലെത്തി ജഴ്സി മാറുന്ന വിരാട് കോഹ്‍ലിയെ കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. സ്വീറ്റ് വിന്‍ ബോയ്സ്, സ്വീറ്റ് വിന്‍ എന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്. പിന്നീട് കാമറയില്‍ നോക്കാതെ കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് ഓര്‍മവേണമെന്നും ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും പറയുന്നു. അതേസമയം, വിരാട് കോഹ്‍ലിയുടെ അക്രമണോത്സുകതയുടെ ഏറ്റവും മികച്ച പതിപ്പാണ് നിങ്ങള്‍ ഗ്രൗണ്ടില്‍ കണ്ടതെന്ന് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലസി വിഡിയോയില്‍ പറയുന്നു. അത് ടീമിനാകെ ഉണര്‍വേകി, തന്‍റെ ഉത്തരവാദിത്തം എല്ലാം ശാന്തമാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.

അതേസമയം, വിരാട് കോലിയുമായുള്ള വാക്കുതര്‍ക്കത്തിൽ പ്രതികരണവുമായി നവീനുൽ ഹഖും പിന്നീട് രംഗത്തെത്തി. നിങ്ങള്‍ അര്‍ഹിക്കുന്നതേ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയേ ആവൂവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നവീന്‍ പ്രതികരിച്ചു.

 


Tags:    
News Summary - Virender Sehwag's Bold Take On Kohli-Gambhir IPL Spat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.