മുംബൈ: ഐ.പി.എൽ മെഗാ താരലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും വലിയ പേരുകളിലൊന്നാണ് ഇന്ത്യയുടെ കെ.എൽ. രാഹുൽ. ലഖ്നോ സൂപ്പർ ജയന്‍റ്സ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ രാഹുലിന്‍റെ പേരില്ലായിരുന്നു.
താരം ലഖ്നോ വിടുമെന്ന് ഏറെക്കുറെ ഏവരും ഉറപ്പിച്ചിരുന്നതുമാണ്. നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന മെഗാ താരലേലത്തിൽ രാഹുലിനെ നോട്ടമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഉൾപ്പെടെയുള്ള ടീമുകൾ ചരടുവലിക്കുന്നുണ്ട്. ലഖ്നോ വിടാനുള്ള തീരുമാനം രാഹുലിന്‍റേതാണോ, അതോ മാനേജ്മെന്‍റിന്‍റേതാണോ എന്നാണ് ആരാധകൾ ചർച്ച ചെയ്തിരുന്നത്. ഒടുവിൽ അതിനുള്ള ഉത്തരം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്‍റെ ആഗ്രഹപ്രകാരമാണ് ലഖ്നോ വിട്ടതെന്നാണ് രാഹുൽ പറയുന്നത്. ‘പുതിയൊരു തുടക്കമാണ് ആഗ്രഹിക്കുന്നത്. എന്‍റെ സാധ്യതകളെ കണ്ടെത്താൻ ആഗ്രഹിക്കുന്നു. എനിക്ക് കുറച്ച് സ്വാതന്ത്ര്യം കണ്ടെത്താന്‍ കഴിയുന്നിടത്ത് പോയി കളിക്കാനാണ് ആഗ്രഹിക്കുന്നത്. ടീമിലെ അന്തരീക്ഷവും സൗഹൃദമായിരിക്കണം. ചിലപ്പോൾ നമുക്ക് മികച്ചതെന്ന് തോന്നുന്നത് കണ്ടെത്താൻ മാറ്റൊരിടത്തേക്ക് മറേണ്ടിവരും’ -രാഹുൽ പറഞ്ഞു.
കുറച്ചുകാലമായി ട്വന്‍റി20 ടീമിനു പുറത്താണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എനിക്കറിയാം, തിരിച്ചുവരാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. ഈ ഐ.പി.എല്‍ സീസണില്‍ പുതിയൊരു തുടക്കം ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ട്വന്‍റി20 ടീമില്‍ തിരിച്ചെത്തുക എന്നതാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.
നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരക്കു മുന്നോടിയായി ഇന്ത്യ എ ടീമിനൊപ്പം രാഹുൽ ആസ്ട്രേലിയയിലാണ്. 2022ലെ ട്വന്‍റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം രാഹുൽ ഇന്ത്യക്കായി ട്വന്‍റി20 കളിച്ചിട്ടില്ല. ഈ വർഷം ഇന്ത്യ കിരീടം നേടിയ ട്വന്‍റി20 ലോകകപ്പ് ടീമിലും താരത്തിന് ഇടമുണ്ടായിരുന്നില്ല. 2022ൽ 17 കോടി രൂപക്കാണ് രാഹുൽ ലഖ്നോവിലെത്തുന്നത്. ടീമിനായി 38 മത്സരങ്ങൾ കളിച്ച താരം 1410 റൺസാണ് നേടിയത്. 41.47 ആണ് ശരാശരി. ടീമിന്‍റെ തുടക്കം മുതൽ ക്യാപ്റ്റനും രാഹുൽ തന്നെയായിരുന്നു.
നിക്കോളാസ് പുരാന്‍, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹ്സിന്‍ ഖാന്‍, ആയുഷ് ബദോനി എന്നിവരെയാണ് ലഖ്‌നോ ടീം നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിൽ ലഖ്നോ ടീം ഉടമ ഗ്രൗണ്ടിനു പുറത്ത് രാഹുലിനെ പരസ്യമായി ചോദ്യം ചെയ്തത് വിവാദമായിരുന്നു. സീസണിൽ ടീം പ്ലേ ഓഫിൽ എത്താതെ പുറത്താകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.