ആസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽനിന്ന് പുറത്ത്. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ വാർണർ ഇറങ്ങിയിരുന്നില്ല.
അതേസമയം, വാർണറുടെ പരിക്ക് ഗുരുതരമല്ലെന്നും ഏതാനും ദിവസങ്ങൾക്കകം മുക്തനാകുമെന്നും വരുന്ന ഐ.പി.എല്ലിനെയും ട്വന്റി 20 ലോകകപ്പിനെയും ബാധിക്കില്ലെന്നും ക്രിക്കറ്റ് ആസ്ട്രേലിയ പ്രസ്താവനയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 10 ദിവസത്തിനകം താരം പരിക്കിൽനിന്ന് മുക്തനാകുമെന്നാണ് കരുതുന്നത്.
ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ വാർണർ 20 പന്തിൽ 32 റൺസ് നേടിയിരുന്നു. കഴിഞ്ഞ മാസം ടെസ്റ്റിൽനിന്നും ഏകദിനത്തിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച വാർണർ ലോകകപ്പോടെ ട്വന്റി 20 മത്സരങ്ങളും മതിയാക്കും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസ് താരമായ 37കാരനാണ് കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ റിഷബ് പന്തിന് അപകടത്തിൽ ഗുരുതര പരിക്കേറ്റതോടെ ടീമിനെ നയിച്ചത്. ആറ് അർധസെഞ്ച്വറിയടക്കം 516 റൺസ് അടിച്ച വാർണറായിരുന്നു ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. താരത്തിന്റെ പരിക്ക് ടീമിലും ആരാധകരിലും ആശങ്ക പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.